ഇസ്ലാമിന്റെ അടിസ്ഥാന വിശ്വാസ കാര്യങ്ങളിൽ ആറാമതായി എണ്ണപ്പെടുന്ന സുപ്രധാന വിഷയമാണ് ഖദ്ർ. പരമോന്നതനായ അല്ലാഹുവിന്റെ അറിവ്, കഴിവ് എന്നിവയുമായി ബന്ധപ്പെട്ടതിനാൽ സ്വാഭാവികമായുണ്ടാകുന്ന അവ്യക്തതയെയും സാധാരണക്കാരുടെ പരിമിതജ്ഞാനത്തെയും ചൂഷണം ചെയ്ത് ഈ വിഷയത്തെ കൂടുതൽ ദുർഗ്രഹമാക്കുകയും വൈരുദ്ധ്യമായി ചിത്രീകരിക്കുകയും ചെയ്യുന്നതിൽ മതനിഷേധികൾക്കും ഇസ്ലാമിക വിരുദ്ധർക്കും വലിയ പങ്കുണ്ട്. നന്മയും തിന്മയും ദൈവത്തിൽ നിന്നാണ്, എല്ലാം ദൈവം മുൻകൂട്ടി നിശ്ചയിച്ചിയിട്ടുണ്ട് തുടങ്ങിയ വിശ്വാസങ്ങൾ മനുഷ്യ പ്രവർത്തനങ്ങൾ നിരർത്ഥകമാണെന്ന് ദ്യോതിപ്പിക്കുമെന്ന വാദം ഇസ്ലാമിന്റെ ആദ്യകാലങ്ങളിൽ ഉയർന്നു വന്നിട്ടുണ്ട്. ഇതിന്റെ അനുരണനമെന്നോണം ഹിജ്‌റ രണ്ടാം നൂറ്റാണ്ടിന്റെ ആദ്യ പാദത്തിൽ ഇസ്ലാമിൽ രണ്ട് തീവ്ര ചിന്താധാരകൾ രൂപപ്പെട്ടു വന്നു.1 മനുഷ്യ പ്രവർത്തനങ്ങളുടെ പൂർണ്ണ നിയന്ത്രണവും അധികാരവും അവനിൽ തന്നെ നിക്ഷിപ്തമാണെന്നും അവകളിൽ അല്ലാഹുവിന് യാതൊരു നിയന്ത്രണവുമില്ല എന്ന് വിശ്വസിക്കുന്ന ഖദ് രിയ്യത്ത് വിഭാഗം, മനുഷ്യന് യാതൊരു തിരഞ്ഞെടുപ്പാവകാശവുമില്ല എന്ന് വിശ്വസിക്കുന്ന ജബ് രിയ്യത്ത് വിഭാഗം2 എന്നിവയാണവ.
ആധുനിക വൈജ്ഞാനിക വ്യവഹാരങ്ങളിലും Determinism, Non-determinism എന്നീ പേരുകളിൽ സമാനമായ ചിന്താധാരകൾ കാണാൻ സാധിക്കും. എന്നാൽ അഹ്‌ലുസ്സുന്നയുടെ വീക്ഷണം ഇവ രണ്ടിനും മദ്ധ്യേ ഐച്ഛിക പ്രവർത്തങ്ങളെയും അനൈച്ഛിക പ്രവർത്തനങ്ങളേയും ഉൾക്കൊണ്ട് നിലകൊള്ളുന്നു.3
ഈ വിഷയം എളുപ്പത്തിൽ മനസ്സിലാക്കാനും ബോധ്യപ്പെടാനും ദൈവ വിശേഷണങ്ങളായ ഇൽമ്, ഇറാദത്ത്, ഖുദ്റത്ത് എന്നിവയും അവയുടെ ഫലങ്ങളായ ഖദ്ർ, ഖളാ എന്നിവയും അവ പ്രവർത്തിക്കുന്ന വിധവും മനസ്സിലാക്കേണ്ടതുണ്ട്.
ഇൽമ്
നിർബന്ധിതവും സാധ്യവും അസാധ്യവുമായ എല്ലാ കാര്യങ്ങളേയും അവയുടെ ഭൂത-ഭാവി-വർത്തമാനങ്ങളുൾപ്പെടെ വലയം ചെയ്തുള്ള ജ്ഞാനമാണ് ‘അല്ലാഹുവിന്റെ അറിവ്’ കൊണ്ടുള്ള വിവക്ഷ. ഈ വിശേഷണം വസ്തുക്കളിൽ അതിന്റെ ഉണ്മയെയോ ഇല്ലായ്മയേയോ സ്വാധീനിക്കുന്നില്ല, അറിയുക മാത്രമാണ് ചെയ്യുന്നത്. ലളിതമായി പറഞ്ഞാൽ, ഈ പ്രപഞ്ചത്തിൽ നടന്നതും നടക്കാനിരിക്കുന്നതുമായ എല്ലാ കാര്യങ്ങളും അവൻ മുൻകൂട്ടി അറിയുന്നു. ഇതൊരു വൈരുദ്ധ്യമായി കാണേണ്ടതില്ല. ദൈവം ഒഴികെയുള്ള എല്ലാം അവന്റെ സൃഷ്ടികളാണല്ലോ, അവന്റെ സൃഷ്ടികളെ പൂർണമായി അവന്റെ അറിവ് വലയം ചെയ്യുന്നത് അനിവാര്യതയും പൂർണതയുമാണ്. എല്ലാ അപൂർണ്ണതകളിൽ നിന്നും ന്യൂനതകളിൽ നിന്നും അവൻ മുക്തനാണ് താനും. ദൈവാസ്ഥിത്വം പൂർണമാകുന്നത് അവന്റെ ഈ വിശേഷണം കൊണ്ട് കൂടിയാണ്. മാത്രമല്ല, ഈ പ്രപഞ്ചം പരിപാലിക്കുന്നതും അതിന്റെ സന്തുലിതാവസ്ഥ നിലനിർത്തുന്നതും അവനാണ്. അതിനാൽ പൂർണമായും അവയെ അറിയൽ അനിവാര്യമാണ്.
എന്നാൽ ഈ വിശേഷണത്തെ പൂർണമായി ഗ്രഹിക്കാൻ മനുഷ്യനോ മറ്റു സൃഷ്ടിജാലങ്ങൾക്കോ സാധിക്കുകയില്ല. കാരണം അവയെല്ലാം സമയ കാല ബന്ധിതമാണ്. സമയത്തിനും കാലത്തിനും അതീതനായ ഭൂത-ഭാവി-വർത്തമാന ഭേദ്യമന്യേ എല്ലാം നേർരേഖയിൽ അറിയാൻ കഴിയുന്ന ദൈവത്തിന്റെ കഴിവിനെ തിരിച്ചറിയാൻ മനുഷ്യന് പരിമിതികളുണ്ട്. സങ്കൽപ്പിക്കുക പോലും അസാധ്യമാണ്, കാരണം അവൻ സങ്കൽപ്പിക്കുന്നത് പോലും സമയ-കാലങ്ങളുടെ അകത്തുനിന്നാണ്.
ഇറാദത്ത്
സംഭവ്യമായ കാര്യങ്ങളുടെ സൃഷ്ടിപ്പും അവയുടെ രൂപവുമായി ബന്ധപ്പെട്ട വിശേഷണമാണിത്. ഈ വിശേഷണം പുതുതായുണ്ടാകുന്നതല്ല. ഭാവിയിൽ അനുയോജ്യമായ സമയത്ത് സൃഷ്ടിക്കാനുദ്ദേശിക്കുന്ന സകല വസ്തുകളെ സംബന്ധിച്ചും അല്ലാഹുവിന് മുൻകൂട്ടി അറിയാം. അതു കൊണ്ട് തന്നെ അവയെല്ലാം നേരത്തെ അവന്റെ ഉദ്ദേശ്യത്തിലുള്ളതാണ്.
അല്ലാഹു തിന്മകൾ ഉദ്ദേശിക്കുകയേ ഇല്ല എന്ന വാദമുഖം ചിലർ ഉയർത്തുന്നത് കാണാറുണ്ട്. അല്ലാഹു നീതിമാനാണല്ലോ എങ്ങനെ തിന്മ ഉദ്ദേശിക്കും എന്നതാണ് ഇവരുടെ ന്യായവാദം. ഇത്തരം വാദങ്ങൾ തീർത്തും അടിസ്ഥാന രഹിതമാണ്. അല്ലാഹുവിന്റെ ഉദ്ദേശ്യവും തൃപ്തിയും കല്പനകളും തമ്മിലുള്ള വ്യത്യാസം മനസ്സിലാകാത്തതിനാലാണ് ഈ വാദങ്ങൾ ഉയരുന്നത്
അടിസ്ഥാനപരമായി മനസ്സിലാക്കേണ്ടത് നന്മയും തിന്മയും അല്ലാഹുവിൽ നിന്നാണ് എന്നതിന്റെ വിവക്ഷ അവ അവന്റെ ഉദ്ദേശ്യത്തിന് വിധേയമാണ് എന്നതാണ്. ഒരു കാര്യവും അടിസ്ഥാനപരമായി നന്മയോ തിന്മയോ അല്ല, അല്ലാഹുവാണ് അതിനെ നന്മയോ തിന്മയോ ആയി നിശ്ചയിക്കുന്നത്. അവനാണ് നന്മ, തിന്മ എന്നീ ആശയങ്ങൾ സൃഷ്ടിച്ചതും അവ കർമ്മങ്ങളുമായി ബന്ധിപ്പിച്ചതും. ലളിതമായി മനസ്സിലാക്കാവുന്ന കാര്യമാണത്.
ഇക്കാര്യങ്ങൾ മനസ്സിലാക്കുന്നതോടെ അല്ലാഹു തിന്മയെ ഉദ്ദേശിക്കുന്നു, അതിനെ തൃപ്തിപ്പെടുകയോ കൽപ്പിക്കുകയോ ചെയ്യുന്നില്ല, മനുഷ്യൻ തിരഞ്ഞെടുക്കുന്നത് പ്രകാരം അത് നടപ്പിലാക്കുകയാണ് ചെയ്യുന്നത് എന്നീ കാര്യങ്ങൾ ബോധ്യപ്പെടുന്നു.
ഖുദ്റത്ത്
സംഭവ്യമായ കാര്യങ്ങളെ അല്ലാഹുവിന്റെ അറിവിനും ഉദ്ദേശ്യത്തിനുമനുസരിച്ച് സമയാസമയങ്ങളിൽ സംവിധാനിക്കുന്നതിനെയാണ് ഈ വിശേഷണം സൂചിപ്പിക്കുന്നത്.
ഖദ്‌റും ഖളാഉം
ഇനി ഈ വിഷയത്തിന്റെ കേന്ദ്രബിന്ദുവിലേക്ക് വരാം.മുകളിൽ സൂചിപ്പിച്ച അല്ലാഹുവിന്റെ വിശേഷണങ്ങളുടെ ഫലമാണ് ഇവ രണ്ടും. ഇൽമ്, ഇറാദത്ത് എന്നിവയുടെ ഫലമായി ഖളാഉം ഖുദ്റത്തിന്റെ ഫലമായി ഖദ്റും. ഇനി അവയുടെ നിർവ്വചനമെന്തെന്ന് നോക്കാം:
ഖളാ: ഭാവിയിൽ നടക്കാനിരിക്കുന്ന മുഴുവൻ കാര്യങ്ങളെ സംബന്ധിച്ചിച്ചുമുള്ള അല്ലാഹുവിന്റെ മുന്നറിവ്.
ഖദ്ർ: അല്ലാഹുവിന്റെ മുന്നറിവ് പ്രകാരം കാര്യങ്ങളെ സംവിധാനിക്കൽ.
ഇവയിൽ തന്നെ ഇജ്ബാരിയ്യും (മനുഷ്യന് യാതൊരു നിയന്ത്രണാധികാരവുമില്ലാത്ത കാര്യങ്ങൾ) ഇഖ്തിയാരിയ്യുമായവ (മനുഷ്യന് തിരഞ്ഞെടുപ്പവകാശമുള്ളവ) ഉണ്ട്.
ഖുർആനിന്റെയും സുന്നത്തിന്റെയും വെളിച്ചത്തിൽ ഖദ്റിന്റെ വിവിധ ഘട്ടങ്ങൾ പണ്ഡിതന്മാർ വിശദീകരിക്കുന്നത് കാണാം:
- എല്ലാ കാര്യങ്ങളെയും സംബന്ധിച്ചുള്ള അള്ളാഹുവിന്റെ മുൻകൂട്ടിയുള്ള അറിവ്.
- പ്രപഞ്ചം സൃഷ്ടിക്കുന്നതിനെല്ലാം മുൻപ് അവന്റെ മുന്നറിവ് പ്രകാരം എല്ലാകാര്യങ്ങളെയും ക്രോഡീകരിക്കുന്ന ഘട്ടം.
- ഗർഭ പത്രത്തിലായിരിക്കെ ഓരോരുത്തരുടെയും ജനന-മരണങ്ങളെയും അവൻ്റെ ജയപരാജയങ്ങളടക്കമുള്ള കാര്യങ്ങളെ നിശ്ചയിക്കുന്നു.
- വർഷാവർഷം ലൈലത്തുൽ ഖദ്ർ ദിനത്തിലെ തഖ്ദീറിൻ്റെ ഘട്ടം.
- ദൈനംദിന കാര്യങ്ങളെ നിശ്ചയിക്കുന്ന ഘട്ടം.4
ഈ വസ്തുതകൾ ഒരിക്കലും മനുഷ്യൻ നിർബന്ധിതനാണെന്ന് അറിയിക്കുന്നില്ല. മുകളിൽ സൂചിപ്പിച്ച ഇൽമ് എന്ന വിശേഷണത്തിന്റെ നിർവ്വചന പ്രകാരം അവൻ എല്ലാ കാര്യങ്ങളും നേരത്തെ അറിഞ്ഞു എന്നത് മനുഷ്യന്റെ ഉദ്ദേശ്യത്തെ ഹനിക്കുന്നില്ല, കാരണം അത് കേവലഅറിവ് മാത്രമാണ് അത് പ്രവർത്തനങ്ങളിൽ സ്വാധീനിക്കുകയോ ഇടപെടുകയോ ചെയ്യുന്നില്ല. മനുഷ്യൻ അവന്റെ തിരഞ്ഞെടുപ്പിലൂടെ പ്രവർത്തിക്കുന്ന കാര്യങ്ങളും അവനു തിരഞ്ഞെടുപ്പാവകാശമില്ലാത്ത കാര്യങ്ങളും അള്ളാഹുവിനു മുൻകൂട്ടി അറിയാം എന്ന് ചുരുക്കം.
ഈ കാര്യങ്ങൾ മനസ്സിലാക്കിയാൽ പിന്നെ എന്താണ് മനുഷ്യന്റെ ഉദ്ദേശ്യം, എങ്ങനെയാണവ പ്രവർത്തിക്കുന്നത് എന്നീ കാര്യങ്ങൾ മനസ്സിലാക്കേണ്ടതുണ്ട്.
മനുഷ്യന്റെ ഉദ്ദേശ്യവും അല്ലാഹുവിന്റെ ഉദ്ദേശ്യവും
എല്ലാ കാര്യങ്ങളും അല്ലാഹുവിന്റെ ഉദ്ദേശ്യത്തിലായിരിക്കെ മനുഷ്യന്റെ പ്രവർത്തനങ്ങൾക്ക് അവൻ ഉത്തരവാദിയാകില്ലല്ലോ? അവന് ഉത്തരവാദിത്വമില്ലെങ്കിൽ പ്രതിഫലങ്ങൾക്കും ശിക്ഷകൾക്കും പിന്നിലുള്ള യുക്തിയെന്താണ്?
ഈ ചോദ്യത്തിന് ഉത്തരം ലഭിക്കണമെങ്കിൽ പ്രപഞ്ചത്തിൽ മനുഷ്യനെ സംബന്ധിച്ചിടത്തോളം അല്ലാഹു സംവിധാനിച്ച രണ്ട് തരം പ്രവർത്തനങ്ങളെ തിരിച്ചറിയണം.
- യാന്ത്രിക പ്രവർത്തങ്ങൾ: ഈ പ്രപഞ്ചം ഉണ്ടായതും അതിലെ കോടാനുകോടി സൃഷ്ടിജാലങ്ങളുടെയും ജനനവും അന്ത്യവും,രോഗങ്ങൾ,പ്രകൃതി ദുരന്തങ്ങൾ…
- ഐച്ഛിക ചലനങ്ങൾ: ഈ പ്രവർത്തനങ്ങളാണ് ഈ വിഷയത്തിൻ്റെ അടിസ്ഥാനബിന്ദു.
ലളിതമായി പറഞ്ഞാൽ, മുടിയുടെ കാര്യമെടുക്കാം, ഒരാളുടെ മുടി വളരുന്നതിലും വളരാതിരിക്കുന്നതിലും അവന് യാതൊരു നിയന്ത്രണവുമില്ല, എന്നാൽ മുടി വെട്ടുന്നതും വെട്ടാതിരിക്കുന്നതും അവൻ്റെ തീരുമാനമാണല്ലോ, അവനതിന് സാധിക്കുകയും ചെയ്യും. അത് പോലെ തന്നെ കൈ വിറക്കുന്നതും മന:പൂർവ്വം ചലിപ്പിക്കുന്നതും രണ്ടും രണ്ടാണ്. മറ്റൊരു വിധത്തിൽ പറഞ്ഞാൽ, ഞാൻ ഈ പ്രബന്ധം എഴുതുക എന്ന് കരുതുമ്പോൾ തന്നെ പേനയും പേപ്പറും എഴുത്തും എൻ്റെ മനസ്സിലേക്ക് വരുന്നുണ്ട്, എന്നാൽ എഴുത്ത് സംഭവിക്കുന്നില്ലല്ലോ. കാരണം, അത് എഴുതണോ എഴുതാതിരിക്കണോ എന്ന് തീരുമാനിക്കാൻ എനിക്ക് സാധിക്കുന്നതിനാലാണത്. ഇത് ബോധ്യപ്പെടാൻ അധികം വിവരിക്കേണ്ടതില്ല. അൽപ്പം ആലോചന മതിയാകും.
മനുഷ്യസത്തയിൽ അല്ലാഹു സംവിധാനിച്ച തിരഞ്ഞെടുപ്പവകാശമാണ് തക്‌ലീഫിന്റെ (കൽപ്പനകൾ) അടിസ്ഥാനം. മുകളിൽ സൂചിപ്പിച്ച ഐച്ഛിക പ്രവർത്തങ്ങൾ സംഭവിക്കുന്നത് ഈ ഉദ്ദേശ്യത്തിലൂടെയാണ്. അറബിയിൽ ഇഖ്തിയാർ, കസ്ബ് എന്നീ പദങ്ങളിലൂടെ ഈ കാര്യം വിശദീകരിക്കപ്പെടുന്നു. മനുഷ്യന് അല്ലാഹു നൽകിയ ഉദ്ദേശ്യവും കഴിവും ഒരു പ്രവർത്തിയിലേക്ക് തിരിക്കലാണ് കസ്‌ബിന്റെ വിവക്ഷ.5 ആ ഉദ്ദേശ്യത്തെ ഇഖ്‌തിയാർ എന്നും പറയാം. ഈ കസ്ബും ഇഖ്തിയാറുമാണ് തക്‌ലീഫിൻറെ (നന്മ-തിന്മകളുമായി ബന്ധപ്പെട്ട കൽപ്പനകൾ) അടിസ്ഥാനം.
ഇഖ്തിയാറുള്ളിടത്ത് മാത്രമാണ് തക്‌ലീഫ് ഉണ്ടാവുക. നന്മയും തിന്മയും അവനുദ്ദേശിക്കുന്നത് തിരഞ്ഞെടുക്കാനുള്ള അവസരം നൽകിയിട്ടാണ് അവയിൽ ഏത് തിരഞ്ഞെടുക്കണമെന്ന കൽപ്പന പുറപ്പെടുവിക്കുന്നത്. ഈ ഐച്ഛിക പ്രവർത്തനങ്ങൾക്കാണ് ശിക്ഷയും പ്രതിഫലവും നൽകപ്പെടുന്നത്. മറ്റു യാന്ത്രിക പ്രവർത്തനങ്ങളെ സംബന്ധിച്ച് ആരും ചോദ്യംചെയ്യപ്പെടുകയില്ല. മനുഷ്യന്റെ ഈ തിരഞ്ഞെടുപ്പവകാശം ഖുർആൻ കൊണ്ട് തന്നെ സ്ഥിരപ്പെട്ടതാണ്.
എല്ലാം അല്ലാഹുവിന്റെ ഉദ്ദേശ്യത്താലാണെങ്കിൽ മനുഷ്യന്റെ ഉദ്ദേശ്യത്തിന്റെ പ്രസക്തിയെന്തെന്ന് സംശയം വരാം.ഖുർആൻ പറയുന്നു: وما تشاؤون إلا أن يشاء الله..(التكوير-29)
ഈ ഖുർആനിക വാക്യം യഥാർത്ഥത്തിൽ മനുഷ്യന്റെ ഉദ്ദേശ്യത്തെ സ്ഥിരപ്പെടുത്തുകയാണ് ചെയ്യുന്നത്. അല്ലാഹു ഉദ്ദേശിച്ചാലല്ലാതെ മനുഷ്യൻ ഉദ്ദേശിക്കുന്നില്ല എന്ന് പറയുമ്പോൾ, അള്ളാഹു ഉദ്ദേശിക്കുമ്പോൾ അവൻ ഉദ്ദേശിക്കുന്നു അഥവാ അല്ലാഹു ഉദ്ദേശിച്ചിട്ടുള്ളത് മനുഷ്യന് ഉദ്ദേശ്യമുണ്ടാവലിനെയാണ് എന്ന് സാരം.6 മനുഷ്യൻ അവന്റെ തിരഞ്ഞെടുപ്പ് പ്രകാരം പ്രവർത്തിക്കണമെന്ന് അല്ലാഹു ഉദ്ദേശിക്കുന്നു. അപ്പോൾ അവന്റെ ഉദ്ദേശ്യം,അല്ലാഹുവിന്റെ ഉദ്ദേശ്യത്തിന് പുറത്ത് പോകുന്നില്ലെന്ന് മാത്രമല്ല, അതിന് വിധേയമാണ്. ഓരോരുത്തരും അവരവരുടെ തിരഞ്ഞെടുപ്പാവകാശമുപയോഗിച്ച് പ്രവർത്തിക്കുന്നവ അല്ലാഹു നടപ്പിലാക്കി നൽകുന്നു. ഈ വിഷയം ശറഹുൽ അഖാഇദിൽ ഇങ്ങനെ പറയുന്നത് കാണാം:
اللَّهُ يَعْلَمُ وَيُرِيدُ أَنَّ الْعَبْدَ يَفْعَلُهُ أَوْ يَتْرُكُهُ بِاخْتِيَارِهِ ، فَلَا إِشْكَالَ.7
മനുഷ്യൻ അവന്റെ തിരഞ്ഞെടുപ്പ് പ്രകാരം ചെയ്യുന്നതും ചെയ്യാതിരിക്കുന്നതും അല്ലാഹു ഉദ്ദേശിക്കുകയും അറിയുകയും ചെയ്യുന്നു.
പ്രവൃത്തികൾ സൃഷ്ടിക്കുന്നത് അല്ലാഹു
അള്ളാഹുവല്ലാത്തതെല്ലാം അവന്റെ സൃഷ്ടികളാണെന്ന് വ്യക്തമാണല്ലോ. അതിൽ ഈ പ്രപഞ്ചവും അതിലെ സർവ ചാരാചരങ്ങളും അവയുടെ കർമ്മങ്ങളും ഉൾപ്പെടും. മുകളിൽ സൂചിപ്പിച്ച ഐച്ഛികവും അനൈഛികവുമായ പ്രവർത്തനങ്ങളും സൃഷ്ടികളാണ്. പ്രവർത്തനങ്ങൾ സൃഷ്ടിക്കുന്നത് അല്ലാഹുവാണെങ്കിൽ പിന്നെ ആ പ്രവർത്തനങ്ങളുടെ ഉത്തരവാദിത്വം എങ്ങനെ മനുഷ്യനിലർപ്പിതമാകുന്നു എന്ന സംശയം സ്വഭാവികമാണ്, അതിന്റെ ഉത്തരം ലളിതവും.
വിശ്വ പണ്ഡിതൻ സഈദ് റമദാൻ ബൂത്വി തന്റെ സാർവ്വ ലൌകിക സത്യങ്ങൾ എന്ന ഗ്രന്ഥത്തിൽ ഈ വിഷയം വിശദീകരിക്കുന്നത് കാണുക:
ഐച്ഛികമായ ഒരു പ്രവൃത്തി സംഭവിക്കാൻ രണ്ട് കാര്യങ്ങൾ ആവശ്യമാണ്.
- പ്രവർത്തിയുടെ അസ്തിത്വം (അതിൻ്റെ ഭൗതികവും ആശയപരവുമായ എല്ലാ ചെരുവകളോടും കൂടെ).
- മനുഷ്യൻ്റെ ഉദ്ദേശ്യവും തീരുമാനവും.8
ഇതിൽ നിന്നും മനസ്സിലാകുന്നത് ഇത്രയുമാണ്; ഒരാൾ എഴുതകയാണെന്നിരിക്കട്ടെ, അയാളുടെ കൈയ്യും അതിലെ ജീവനും ചലനശേഷിയും അയാളുടെ മുന്നിലെ പേപ്പറും പേനയും സംവിധാനിച്ചത് അല്ലാഹുവാണ്. എന്നാൽ അതു കൊണ്ട് എഴുത്ത് സംഭവിക്കുന്നില്ലല്ലോ! എഴുതുന്നവന്റെ ഉദ്ദേശ്യവും തീരുമാനവും കൂടെ ചേരുമ്പോഴാണ് എഴുത്ത് സംഭവിക്കുന്നത്. മനുഷ്യന്റെ ഉദ്ദേശ്യങ്ങൾക്കനുസൃതമായി അല്ലാഹു ആ പ്രവൃത്തിയെ അതിന്റെ അടുത്തതും അകന്നതുമായ കാരണങ്ങളോട് കൂടെ സൃഷ്ടിക്കുന്നുവെന്ന് സാരം.
ഇവിടെ സൂചിപ്പിച്ച മനുഷ്യന്റെ ഉദ്ദേശ്യത്തിനെയാണ് നേരത്തെ കസ്ബ് എന്ന് വിശേഷിപ്പിച്ചത്. മനുഷ്യന് ഉത്തരവാദിത്തമുള്ളത് ഈ കസ്ബിന്മേലാണ്. അവൻ വിചാരണ ചെയ്യപ്പെടുന്നതും അതിന്റെ പേരിൽ തന്നെ.
ഈ ദിവസം ഓരോ വ്യക്തിക്കും താൻ സമ്പാദിച്ചതിനുള്ള പ്രതിഫലം നല്കപ്പെടുമെന്ന ഖുറാൻ സൂക്തം സൂചിപ്പിക്കുന്നതും ഈ വസ്തുതകളിലേക്കാണ്. ഇവിടെ അല്ലാഹു നന്മകളെ മാത്രമേ സൃഷ്ടിക്കുകയൊളളൂ തിന്മകളെ സൃഷ്ടിക്കുന്നില്ല എന്ന തെറ്റിദ്ധാരണയുടെ ആവശ്യമില്ല. നന്മയും തിന്മയും സൃഷ്ടിക്കുന്നത് അല്ലാഹുവാണ്. അവനുദ്ദേശിക്കുന്നതെല്ലാം ചെയ്യാൻ കഴിയുമ്പോഴാണ് അവന് പൂർണത കൈ വരുന്നത്. തിന്മ സൃഷ്ടിക്കുന്നത് അവനൊരു ന്യൂനതയല്ല. കാരണം അടിസ്ഥാനപരമായി ഒരു വസ്തുവും നന്മയോ തിൻമയോ അല്ലെന്നും അല്ലാഹുവാണ് അങ്ങനെ സംവിധാനിച്ചത് എന്നും അവനെ സംബന്ധിച്ചിടത്തോളം അവ സൃഷ്ടികൾ മാത്രമാണെന്നുമുള്ള കാര്യങ്ങൾ വ്യക്തമാണല്ലോ.
പ്രാർഥനകളുടെയും സൽകർമ്മങ്ങളുടെയും സ്ഥാനം
പ്രാർത്ഥനകൾക്ക് ഫലം ലഭിക്കുന്നതും ചില സൽകർമ്മങ്ങളുടെ ആനന്തരഫലമായി ദീർഘായുസ്സുൾപ്പെടെ ഭൗതികലോകത്ത് ലഭിക്കുന്ന ഫലങ്ങളും ഖദ്ർ-ഖളാഇനു വിരുദ്ധമല്ലേ, അതല്ലെങ്കിൽ ഖദ്ർ-ഖളാ എന്നിവയുള്ളപ്പോൾ പ്രാർഥനയും ഇത്തരത്തിലുള്ള കർമ്മങ്ങളും വെറുതെയാകില്ലേ തുടങ്ങിയ ചോദ്യങ്ങൾ ഉയരാറുണ്ട്.
യഥാർത്ഥത്തിൽ, മനുഷ്യന്റെ ഐച്ഛികപ്രവർത്തനങ്ങൾ അവന്റെ പാരത്രികഫലങ്ങൾ തീരുമാനിക്കുന്നുവെന്നും എന്നാൽ അവയെല്ലാം അല്ലാഹു മുൻകൂട്ടി അറിഞ്ഞിട്ടുണ്ടെന്നും ആ അറിവ് അവന്റെ തീരുമാനത്തെ ഹനിക്കുന്നില്ലെന്നും വ്യക്തമാക്കിയതുപോലെത്തന്നെ, പ്രാർഥനകളുൾപ്പെടെയുള്ള അവന്റെ പ്രവർത്തനങ്ങളുടെ ഭൗതിക ഫലങ്ങളും (ആയുസ്സ് വർദ്ധനവുൾപ്പെടെ) അല്ലാഹുവിന് മുൻകൂട്ടി അറിയാം. അഥവാ അല്ലാഹു ഉദ്ദേശിച്ചിട്ടുള്ളത് ഈ പ്രവർത്തനങ്ങൾ സംഭവിച്ചാൽ ഈ ഫലങ്ങളുണ്ടാകുമെന്നാണ്.
ചുരുക്കത്തിൽ അവന്റെ പ്രവർത്തനങ്ങൾ തന്നെയാണ് ആ ഫലങ്ങൾക്ക് കാരണമായത്. അതു കൊണ്ട് തന്നെ പ്രാർഥനകൾക്കും സൽക്കർമങ്ങൾക്കും പ്രസക്തിയില്ലെന്ന വാദം തള്ളാതെ വയ്യ.
References:-
- كبرى اليقينيات الكونية (Page-159) ↩︎
- المدخل إلى دراسة علم الكلام (Page-57) ↩︎
- Reconciling the Divine Decree and Free Will in Islam – Justin Parrott
↩︎ - كبرى اليقينيات الكونية-سعيد رمضان البوطي (Page-152) ↩︎
- هل الإنسان مسير أم مخير -سعيد رمضان البوطي (Page-90-92) ↩︎
- شرح العقائد-الإمام سعدالدين التفتازاني (Page-84) ↩︎
- كبرى اليقينيات الكونية (Page-155) ↩︎
- شرح العقائد (Page-82) ↩︎
