വിശുദ്ധ ഖുര്‍ആന്‍ : ക്രോഡീകരണ ചരിത്രം

പ്രപഞ്ച സ്രഷ്ടാവായ അല്ലാഹു മനുഷ്യരാശിക്ക് നേര്‍മാര്‍ഗ്ഗം പ്രാപിക്കാന്‍ അവതരിപ്പിച്ച ഗ്രന്ഥമാണ് വിശുദ്ധ ഖുര്‍ആന്‍. എന്നാല്‍, ഇന്നുള്ളത് പോലെ ഒരു ഗ്രന്ഥരൂപത്തിലായിരുന്നില്ല ഖുർആനിന്റെ അവതരണം. പ്രവാചകത്വത്തിന്റെ 23 വര്‍ഷ കാലയളവില്‍ സന്ദര്‍ഭങ്ങള്‍ക്കനുയോജ്യമായിട്ടാണ് മാലാഖ ജിബ്രീല്‍(അ) മുഖേന അല്ലാഹു പ്രവാചകൻ മുഹമ്മദ് (സ്വ) തങ്ങള്‍ക്ക് ഖുർആൻ ഇറക്കിക്കൊടുത്തിട്ടുള്ളത്. വിശുദ്ധ ഖുര്‍ആനിന്റെ സംരക്ഷണം അല്ലാഹു ഏറ്റെടുത്തിട്ടുണ്ട്. അല്ലാഹു പറയുന്നു: നിശ്ചയം നാമാണ് ഖുര്‍ആനിനെ അവതരിപ്പിച്ചത്, നാം തന്നെ അതിനെ സംരക്ഷിക്കുകയും ചെയ്യും (സൂറത്തുല്‍ ഹിജ്ര്‍: 9). ഖുര്‍ആന്‍ കാലാഹരണപ്പെടുകയോ, കൈകടത്തലുകള്‍ക്ക് വിധേയമാവുകയോ ചെയ്യാന്‍ പാടില്ല. പ്രവാചക കാലത്ത് അത്തരം സന്ദേഹവും ദുര്‍വിചാരവും അസാധ്യമായിരുന്നു. അതുകൊണ്ട് ഒരു ഗ്രന്ഥമായി ഖുര്‍ആന്‍ ക്രോഡീകരിക്കപ്പെട്ടില്ല. സ്വഹാബികളുടെ ഹൃദയങ്ങളിലായിരുന്നു അതിന്റെ ക്രമീകരണവും ക്രോഡീകരണവുമെല്ലാം നടന്നത്. ഖുര്‍ആന്‍ മനപാഠമുള്ള ധരാളം സ്വഹാബികള്‍ അന്ന് ഉണ്ടായിരുന്നു. പ്രവാചകന്റെ കാലശേഷം ചിത്രം മാറിമറിഞ്ഞു. യമാമ യുദ്ധത്തിൽ ഖുര്‍ആന്‍ മനപ്പാഠമുള്ള ഒരുപാട് സ്വാഹാബാക്കളുടെ വിയോഗമാണ് ഖുര്‍ആന്‍ ക്രോഡീകരണമെന്ന ആശയത്തിലേക്കുള്ള സ്വഹാബികളുടെ പ്രേരിതം.

ഖുര്‍ആന്‍ ക്രോഡീകരണം

‘ജംഅ്’ എന്നാല്‍ ഒരുമിച്ചു കൂട്ടുക എന്നാണ് ഭാഷാര്‍ത്ഥം. എന്നാല്‍ എല്ല്, തോല്, കല്ല്, മരക്കഷ്ണം തുടങ്ങിയ വസ്തുക്കളിലും സ്വഹാബികളുടെ ഹൃദയങ്ങളിലും ചിതറിക്കിടന്നിരുന്ന ഖുര്‍ആനിക സൂക്തങ്ങളെ ക്രോഡീകരിക്കുകയും അവയെ വ്യത്യസ്തങ്ങളായ സൂറത്തുകളിലായി ക്രമീകരിക്കുകയും ചെയ്യലാണ് ജംഉല്‍ ഖുര്‍ആന്‍ എന്നതുകൊണ്ട് അര്‍ത്ഥമാക്കുന്നത്. വിശുദ്ധ ഖുര്‍ആന്‍ ക്രോഡീകരണം രണ്ടു ഘട്ടങ്ങളിലായിട്ടാണ് നടക്കുന്നത്.

ഒന്നാം ഘട്ടം: നുബുവ്വത്തിന്റെ കാലത്ത്.
രണ്ടാം ഘട്ടം: ഖുലഫാഉ റാശിദീങ്ങളുടെ കാലത്ത്.

നുബുവ്വത്തിന്റെ കാലത്തുള്ള ഖുര്‍ആന്‍ ക്രോഡീകരണം

വിശുദ്ധ ഖുര്‍ആന്റെ ഗ്രന്ഥ രൂപത്തിലുള്ള ക്രോഡീകരണം ഈ ഘട്ടത്തില്‍ നടന്നിട്ടില്ല. എങ്കിലും ഖുര്‍ആന്‍ ആദ്യം മുതല്‍ അവസാനം വരെ ക്രമരാഹിത്യം കൂടാതെ ഹൃദയങ്ങളില്‍ സംരക്ഷിക്കപ്പെട്ടു. ഖുര്‍ആനിക സൂക്തങ്ങള്‍ അവതരിക്കപ്പെടുന്ന സമയത്ത് തന്നെ എഴുതിവെക്കാന്‍ പ്രവാചകൻ സ്വഹാബികളോട് കല്‍പ്പിച്ചിരുന്നു. ഖുര്‍ആന്‍ രേഖപ്പെടുത്തുന്നതിനെക്കുറിച്ച് മൂന്നാം ഖലീഫ ഉസ്‍മാൻ (റ) പറയുന്നതായി ഇമാം തുര്‍മുദി ഉദ്ധരിക്കുന്നു: പ്രവാചകൻ (സ്വ) തങ്ങള്‍ക്ക് ഒരു കാലത്ത് പല സൂക്തങ്ങള്‍ അവതരിക്കാറുണ്ടായിരുന്നു. അങ്ങനെ അവതരിക്കുമ്പോള്‍ വഹ്യ് (ദിവ്യ ബോധനം) എഴുത്തുകാരെ വിളിച്ച് ഈ ആയത്തുകള്‍ ഇന്ന വിഷയം പറയുന്ന സൂറത്തില്‍ വെക്കുക എന്ന് പ്രവാചകൻ (സ്വ) പറയുമായിരുന്നു. മനപ്പാഠമാക്കിയതിനും അസ്ഥികള്‍, തൂവൽ, ഈത്തപ്പന മട്ടല്‍ എന്നിവയില്‍ എഴുതി വെച്ച് നബിയുടെ കൈവശം സൂക്ഷിച്ചതിനും പുറമെ ശിഷ്യന്മാര്‍ സ്വന്തമായും ഖുര്‍ആന്‍ എഴുതി വെച്ചിരുന്നു. ഇപ്രകാരം പരിപൂര്‍ണ്ണ ഗ്രന്ഥ രൂപത്തിലല്ലാതെ എല്ലിലും തോലിലും സ്വഹാബാക്കളുടെ ഹൃദയങ്ങളിലുമായിട്ടായിരുന്നു ഖുര്‍ആന്‍ സംരക്ഷിക്കപ്പെട്ടത്. ജംഅ് എന്ന പദം ഈ ആശയത്തെയും ഉള്‍കൊള്ളുന്നുണ്ട്. മനപാഠമാക്കിയതുപോലെ ആദ്യാവസാനം പലസ്ഥലങ്ങളിലായി രേഖപ്പെടുത്തി വെക്കുകയും ചെയ്തിരുന്നു. എണ്ണമറ്റ ഹാഫിളുകളായ സ്വഹാബികളുടെ സാന്നിധ്യം അത്തരം ചിന്തകളെ അപ്രസക്തമാക്കിയിരുന്നു. നബി(സ്വ) തങ്ങളില്‍ നിന്നും ഖുര്‍ആന്‍ കേള്‍ക്കുന്ന മാത്രയില്‍ അവരത് ഹൃദിസ്ഥമാക്കി. വീടുകളില്‍ ചെന്ന് ഭാര്യമാര്‍ക്കും മക്കള്‍ക്കും പഠിപ്പിച്ച് കൊടുക്കുകയും പരിശീലിപ്പിക്കുകയും ചെയ്തു. ഖുര്‍ആന്‍ പഠിപ്പിക്കാന്‍ വേണ്ടി നബി (സ്വ) തങ്ങള്‍ സ്വഹാബികളെ വിവിധ നാടുകളിലേക്ക് അയച്ചു. ഹിജ്റക്ക് മുമ്പ് മുസ്അബ് ബ്നു ഉമൈര്‍ (റ), അബ്ദുല്ലാഹി ബ്നു ഉമ്മു മക്തൂം(റ) എന്നിവരെ നബി(സ്വ) തങ്ങള്‍ മദീനയിലേക്ക് അയച്ചിരുന്നു. ഹിജ്റക്കു ശേഷം മുആദുബ്നു ജബല്‍(റ) നെ മക്കയിലേക്കയച്ചതും ഖുര്‍ആന്‍ പഠിപ്പിക്കാന്‍ വേണ്ടിയായിരുന്നു.

ഖുര്‍ആന്‍ അറിയാത്തവരെ പഠിപ്പിക്കാനായി ഒരാള്‍ക്ക് ഒരധ്യാപകന്‍ എന്ന രീതിയിൽ നബി (സ്വ) തങ്ങള്‍ സ്വഹാബികളെ ചുമതലപ്പെടുത്തിയിരുന്നു. മസ്ജിദുന്നബവി സ്വഹാബികളുടെ ഖുര്‍ആന്‍ പാരായണത്താല്‍ ശബ്ദ മുഖരിതമായപ്പോള്‍ ശബ്ദം താഴ്തി ഓതാന്‍ നബി (സ്വ) തങ്ങള്‍ അവരോട് കല്‍പ്പിച്ചു. കൂട്ടമായുള്ള അവതരണം അപശബ്ദമായി അനുഭവപ്പെടാതിരിക്കാന്‍ വേണ്ടിയായിരുന്നു അത്. ഖുര്‍ആനിന്റെ ഈ ജനകീയത അതൊരു ഗ്രന്ഥത്തില്‍ സമാഹരിക്കുക എന്ന ആലോചകള്‍ക്കതീതമായിരുന്നു. ഖുര്‍ആനിനെ ഹൃദയങ്ങളില്‍ സംരക്ഷിച്ചു നിര്‍ത്തുക എന്നത് മുഹമ്മദ് നബി(സ്വ) തങ്ങളുടെ സമുദായത്തിന്റെ ഏറ്റവും വലിയ പ്രത്യേകതയാണ്. മുന്‍ വേദക്കാര്‍ക്ക് ഈ ഗുണമുണ്ടായിരുന്നില്ല. അവര്‍ ഗ്രന്ഥങ്ങളെ ആശ്രയിച്ചും അവലംബിച്ചുമാണ് ജീവിച്ചത്. ജീവിക്കുന്ന തൗറാത്തുകളും ഇഞ്ചീലുകളുമില്ലാതിരുന്നപ്പോള്‍ നിര്‍ജ്ജീവമായ ഏടുകളില്‍ അവര്‍ കൈവെച്ചു. എന്നാല്‍ ഖുര്‍ആനിലെ ഒരക്ഷരം പോലും തിരുത്താന്‍ കഴിയാത്തത് മനുഷ്യ ഹൃദയങ്ങളില്‍ അതെക്കാലത്തും സൂക്ഷിക്കപ്പെട്ടതുകൊണ്.

ഖുര്‍ആന്‍ ക്രോഡീകരണം; അബൂബക്കര്‍ (റ)ന്റെ കാലത്ത്

ക്രോഡീകരണത്തിലേക്ക് നയിച്ച കാരണങ്ങള്‍

  • അവരുടെ ഇടയില്‍ അഭിപ്രായ വ്യത്യാസം ഉണ്ടാവുന്നതില്‍ നിന്നും, ഖുര്‍ആനില്‍ നിന്നും വല്ലതും നഷ്ടപ്പെടലില്‍ നിന്നും നിര്‍ഭയമായി അവരുടെ കൂടെ ഉണ്ടായിരുന്ന പ്രവാചകന്‍റെ വഫാത്ത്.
  • ഖുര്‍ആന്‍ അവതീര്‍ണ്ണം പൂര്‍ത്തിയായി. പ്രവാചകന്‍റെ കാലത്ത് ക്രോഡീകരണം നടക്കാത്തതിന്‍റെ പ്രധാന കാരണം ഖുര്‍ആന്‍ പൂര്‍ണ്ണമായി അവതീര്‍ണ്ണമാവാത്തതും, നസ്ഖ് നടക്കുന്നതു കൊണ്ടുമായിരുന്നു. അവതീര്‍ണ്ണം പൂര്‍ത്തിയായപ്പോള്‍ അതിനുള്ള (ജംഇനുള്ള) മാര്‍ഗം എളുപ്പമായി.

യമാമ യുദ്ധം

യമാമ യുദ്ധത്തില്‍ നിരധി ഹാഫിളുകള്‍ നഷ്ടമായതിനെത്തുടര്‍ന്ന് ഉമര്‍(റ)വിന്ന് ഉണ്ടായ ആശങ്ക അബൂബക്കറുമായി(റ) ചര്‍ച്ച നടത്തിയതാണ് അബൂബക്കര്‍ (റ)ന്റെ കാലത്തെ ഖുര്‍ആന്‍ ക്രോഡീകരണത്തിന്റെ തുടക്കം. യമാമയിലെ ഹാഫിളുകളുടെ രക്തസാക്ഷിത്വം ഉമ്മത്തില്‍ വലിയ പ്രത്യാഘാതങ്ങള്‍ക്ക് കാരണമാവുകയും. ഖുര്‍ആന്‍ മനപ്പാഠമുള്ളവര്‍ മരണപ്പെടുന്നത് വിശുദ്ധ ഗ്രന്ഥം നമുക്ക് നഷ്ടപ്പെടാനുള്ള കാരണമായേക്കുമെന്നും അതുകൊണ്ട് ഖുര്‍ആന്‍ ഒരുഗ്രന്ഥമായി ക്രോഡീകരിക്കണം എന്ന ഉമര്‍ (റ)വിന്റെ ഈ അഭിപ്രായമാണ് അബൂബക്കര്‍ (റ)നെ ഖുര്‍ആന്‍ ക്രോഡീകരണത്തിലേക്ക് നയിച്ചത്.

നബി(സ്വ) ചെയ്യാത്ത കാര്യം നാമെങ്ങനെ ചെയ്യുമെന്ന് അബൂബക്കര്‍(റ) ആശങ്കപ്പെട്ടിരുന്നു. പിന്നീട് ക്രോഡീകരണത്തിന്റെ അനിവാര്യതയും ആവശ്യകതയും മനസ്സിലാക്കിയ അബൂബക്കര്‍(റ) ഈ വലിയ ഉദ്യമത്തിന് തയ്യാറായി. അങ്ങനെ ഖുര്‍ആന്‍ ക്രോഡീകരണ ചര്‍ച്ച സജീവമായി. നബി(സ്വ)തങ്ങളുടെ വഹിയ്യ് എഴുത്തുകാരനായിരുന്ന സൈദുബ്നു സാബിത്(റ)നെ വിളിച്ചുവരുത്തുകയും ചര്‍ച്ച നടത്തുകയും ചെയ്തു. അദ്ദേഹവും ആദ്യം നബി(സ്വ) ചെയ്യാത്ത കാര്യം നാമെങ്ങനെ ചെയ്യുമെന്ന് ആശങ്കപ്പെട്ടിരുന്നു. പിന്നീട് അദ്ദേഹത്തിനും അനിവാര്യത മനസ്സിലായി. അങ്ങനെ പ്രസ്തുത ദൗത്യത്തിന്റെ ചുമതല സൈദു ബ്നു സാബിത് (റ)നെ ഖലീഫ അബൂബക്കര്‍(റ)ഏല്‍പ്പിച്ചു.

സൈദുബ്നു സാബിത്(റ) പറഞ്ഞു: “ഒരു മല ചുമക്കാനാണ് ഏല്‍പ്പിക്കപ്പെട്ടിരുന്നതെങ്കില്‍ എനിക്ക് ഖുര്‍ആന്‍ ക്രോഡീകരണത്തേക്കാള്‍ ഭാരം അനുഭവപ്പെടുമായിരുന്നില്ല”. സൈദു ബ്നു സാബിത്(റ) പ്രവാചക ഗൃഹത്തില്‍ സൂക്ഷിച്ച ഖുര്‍ആനിക രേഖകളും വിവിധ പ്രവാചക ശിഷ്യര്‍ സൂക്ഷിച്ചിരുന്ന ലിഖിതങ്ങളും അനേകം ആളുകളുടെ മനപ്പാഠങ്ങളും പരിശോധിച്ച് കുറ്റമറ്റതായ രീതിയില്‍ ഖുര്‍ആന്‍ സമാഹരിച്ചു. ഖുര്‍ആന്‍ ക്രോഡീകരണത്തില്‍ അബൂബക്കര്‍ (റ)വും ഉമര്‍ (റ)വും അതീവ സൂക്ഷ്മത കാണിച്ചു. ഉമര്‍ (റ), സൈദുബ്നു സാബിത് (റ) എന്നിവരോട് അബൂബക്കര്‍ (റ) പറഞ്ഞു. നിങ്ങള്‍ പള്ളിയുടെ വാതിലില്‍ ഇരിക്കുക, ആരാണോ രണ്ട് തെളിവുകളുമായി വരുന്നത് അത് മാത്രം സ്വീകരിക്കുക. അങ്ങനെ ഹിജ്റ 12ലാണ് ആദ്യ മുസ്ഹഫ് പിറക്കുന്നത്. ഈ സമാഹാരത്തെ പുകഴ്ത്തിക്കൊണ്ട് അലി (റ) പറഞ്ഞു: മുസ്ഹഫ് ക്രോഡീകരണത്തില്‍ ഏറ്റവും പ്രതിഫലം ലഭിക്കുന്നത് അബൂബക്കര്‍ (റ) നാണ്. അവര്‍ക്ക് അല്ലാഹു അനുഗ്രഹം ചെയ്യട്ടെ. അവരാണ് ആദ്യം ഖുര്‍ആന്‍ ക്രോഡീകരിച്ചത്.

അബൂബക്കര്‍ (റ)ന്റെ കാലത്തുള്ള മുസ്ഹഫിന്റെ പ്രത്യേകതകള്‍

  • അതി സൂക്ഷ്മമായ പരിശോധനകള്‍ക്കും സ്ഖലിത മുക്തമായ സാക്ഷ്യപ്പെടുത്തലുകള്‍ക്കും ശേഷമായിരുന്നു അതിന്റെ പിറവി.
  • പാരായണം ദുര്‍ബലപ്പെടുത്തപ്പെട്ട ഒന്നും അതില്‍ ചേര്‍ക്കപ്പെട്ടിട്ടില്ല.

ഖുര്‍ആന്‍ ക്രോഡീകരണം; ഉസ്മാന്‍ (റ)വിന്റെ കാലത്ത്

അബൂബക്കര്‍ (റ)വിന്റെ കാലത്തെ ക്രോഡീകരണ പശ്ചാതലത്തില്‍ നിന്നും വ്യത്യസ്തമായിരുന്നു ഉസ്മാന്‍(റ) വിന്റെ കാലത്തെ ക്രോഡീകരണം. കാരണം ഇസ്ലാം ഒരു വലിയ സാമ്രാജ്യമായി ഉസ്മാന്‍ (റ)വിന്റെ കാലത്ത് വികസിച്ചിരുന്നു. അവിടങ്ങളിലെല്ലാം വിവിധ സ്വഹാബികളുടെ പാരായണ ശൈലികള്‍ പ്രചരിച്ചു. സിറിയന്‍ നാടുകളില്‍ ഉബയ്യ് ബ്നു കഅബ് (റ)വിന്റെ പാരായണ ശൈലിയാണ് പ്രചരിക്കപ്പെട്ടത്. കൂഫയില്‍ അബ്ദുല്ലാഹി ബ്നു മസ്ഊദ് (റ)വിന്റെയും, മറ്റുപല നാടുകളിലും അബൂ മൂസല്‍ അശ്അരി (റ)വിന്റെയും പാരായണ ശൈലിയാണ് പ്രചാരം നേടിയത്.

അര്‍മീനിയ, അസര്‍ബൈജാന്‍ എന്നീ രാജ്യക്കാരോടുള്ള ഒരു യുദ്ധവേളയില്‍ സിറിയക്കാരും ഇറാഖുകാരും സന്ധിക്കാനിടയായി. പാരായണ ശൈലിയിലെ വ്യത്യാസങ്ങള്‍ ആശയ യുദ്ധത്തിനു കാരണമായി. ഓരോരുത്തരും തങ്ങളുടേതാണ് ശരിയെന്ന് വാദിച്ചു. ഇത് പല പ്രശ്നങ്ങള്‍ക്കും കാരണമാകുമെന്ന് ബോധ്യപ്പെട്ട ഹുദൈഫത്തുല്‍ യമാൻ(റ) ഈ കാര്യം ഖലീഫയുടെ ശ്രദ്ധയില്‍ പെടുത്തി. ജൂത- ക്രൈസ്തവ വിഭാഗങ്ങള്‍ വേദഗ്രന്ഥത്തില്‍ ഭിന്നിച്ചതു പോലെ നമ്മുടെ സമൂഹം ഭിന്നിക്കാതിരിക്കാന്‍ താങ്കള്‍ അടിയന്തിരമായി ഇടപെടണമെന്ന് അദ്ദേഹം ഉസ്മാന്‍ (റ)വിനോട് ആവശ്യപ്പെട്ടു.

ഉസ്മാൻ (റ)വിന്റെ ക്രോഡീകരണ ചരിത്രം

പാരായണ ശൈലിയിലെ വ്യത്യാസങ്ങള്‍ പരിഹരിക്കാന്‍ ഹുദൈഫത്തുല്‍ യമാന്‍(റ) ആവശ്യപ്പെട്ടതിനെത്തുടര്‍ന്ന് ഹഫ്സ (റ)യുടെ അടുക്കലേക്ക് ഖലീഫ ദൂതനെ അയച്ചു. അവരുടെ പക്കലുള്ള മുസ്ഹഫ് ആവശ്യപ്പെട്ടു കൊണ്ടായിരുന്നു അത്. ദൂതന്‍ മുസ്ഹഫുമായി ഖലീഫയുടെ അടുത്തെത്തി. സൈദുബ്നു സാബിത് (റ)വിന്റെ നേതൃത്വത്തിലുള്ള ഒരു സംഘത്തെ പ്രസ്തുത മുസ്ഹഫ് പകര്‍ത്തി എഴുതാൻ ഏല്‍പ്പിച്ചു. അബ്ദുല്ലാഹിബ്നു സുബൈര്‍(റ), സഈദ് ബ്നു ആസ്(റ), അബ്ദുല്ലാഹി ബ്നു ഹാരിസ് (റ) എന്നിവരായിരുന്നു സംഘാംഗങ്ങള്‍. അബ്ദുല്ലാഹി ബ്നു അംറു ബ്നുല്‍ ആസ്(റ), അബ്ദുല്ലാഹി ബ്നു അബ്ബാസ്(റ) തുടങ്ങിയ 12 സ്വഹാബികളെയും അവര്‍ക്ക് സഹായത്തിനായി നിശ്ചയിച്ചിരുന്നു.

സഈദു ബ്നുല്‍ ആസ്(റ) വായിച്ചു കൊടുത്തതു പ്രകാരം സൈദ്(റ) പകര്‍ത്തി എഴുതി. പകര്‍പ്പുകള്‍ ഉസ്മാന്‍(റ) പരിശോധിച്ച് ഉറപ്പുവരുത്തി ശെരിവെച്ചു. ഒന്നിലധികം ശൈലികളില്‍ ഓതാവുന്ന പല വാക്കുകളും ഖുര്‍ആനിലുണ്ട്. ഒരേ എഴുത്തില്‍ തന്നെ അവ ഉള്‍കൊള്ളിക്കണമെന്നതിനാല്‍ അകാര-ഉകാരാദികളും ശദ്ദ്, മദ്ദ്, ഹംസ് തുടങ്ങിയവകള്‍ ഇല്ലാതെയാണ് ഉസ്മാന്‍(റ) തയ്യാറാക്കിയത്. തിരിച്ചുനല്‍കാമെന്ന വ്യവസ്ഥയിലാണ് ഉസ്മാന്‍(റ) ഹഫ്സ(റ) യില്‍ നിന്ന് ഖുര്‍ആന്‍ വാങ്ങിയതെന്നതിനാല്‍ അത് അവരെ തിരിച്ചേല്‍പ്പിച്ചു. പകര്‍ത്തിയെഴുതിയ കോപ്പികള്‍ സിറിയ, കൂഫ, ബസ്വറ, ബഹ്റൈന്‍, യമന്‍ എന്നീ പ്രദേശങ്ങളിലേക്ക് കൊടുത്തയക്കുകയും ഒരു കോപ്പി ഉസ്മാന്‍(റ) സൂക്ഷിക്കുകയും ചെയ്തു. മാത്രമല്ല ഈ പ്രദേശങ്ങളിലേക്കെല്ലാം ഓരോ സ്വഹാബികളെയും ഖുര്‍ആന്‍ പഠിപ്പിക്കാന്‍ വേണ്ടി പറഞ്ഞയച്ചു.

അബൂബക്കര്‍ (റ)വാണ് ആദ്യം ഖുര്‍ആന്‍ ക്രോഡീകരിച്ചതെങ്കിലും ജാമിഉല്‍ ഖുര്‍ആന്‍ എന്ന പേരില്‍ അറിയപ്പെടുന്നത് ഉസ്മാന്‍ (റ)വാണ്. കാരണം അബൂബക്കര്‍(റ) ക്രോഡീകരിച്ചത് ജനങ്ങള്‍ക്ക് ഓതാന്‍ വേണ്ടിയായിരുന്നില്ല. ഖുര്‍ആനിലെ ഒരക്ഷരം പോലും നഷ്ടപ്പെടാതിരിക്കാന്‍ വേണ്ടിയായിരുന്നു. എന്നാല്‍, പാരായണ ശൈലിയില്‍ ജനങ്ങളുടെ ഭിന്നത രൂക്ഷമായപ്പോള്‍ ഒരു ക്രോഡീകരണം വഴി അവര്‍ക്കിടയിലെ അനൈക്യം ഇല്ലായ്മ ചെയ്യുകയായിരുന്നു ഉസ്മാന്‍(റ) ചെയ്തത്. ഇതടിസ്ഥാനത്തിലാണ് അദ്ദേഹത്തിന് ജാമിഉല്‍ ഖുര്‍ആനെന്ന വിശേഷണം ലഭിച്ചത്.

വിവിധ പ്രദേശങ്ങളിലേക്ക് ഖുര്‍ആന്‍ പഠിപ്പിക്കാന്‍ മുസ്ഹഫുകള്‍ക്കൊപ്പം നിയോഗിക്കപ്പെട്ടവര്‍.

മക്ക : മുഗീറ (റ).
കൂഫ : അബ്ദുറഹ്മാനുസ്സുലമി (റ).
ബസ്വറ : ആമിറു ബ്നു അബ്ദില്‍ ഖൈസ് (റ).

ബഹ്റൈന്‍, യമന്‍ എന്നിവിടങ്ങളിലേക്ക് ആരെയാണ് നിയോഗിച്ചതെന്ന് ചരിത്രത്തില്‍ വ്യക്തമല്ല

അബൂബക്കർ (റ)വിന്റെയും ഉസ്മാൻ (റ)വിന്റെയും ക്രോഡീകരണങ്ങളിലെ ലക്ഷ്യങ്ങൾ

വ്യത്യസ്ത സ്ഥലങ്ങളില്‍ ചിതറിക്കിടന്നിരുന്ന ഖുര്‍ആനിൽ നിന്നും ധാരാളം ഹാഫിളുകളുടെ മരണം മൂലം വല്ലതും നഷ്ടപ്പെടുമോ എന്ന ഭയമായിരുന്നു അബൂബക്കര്‍ (റ)വിന്റെ ക്രോഡീകരണ ലക്ഷ്യം. അവതീര്‍ണ്ണമായ സൂക്തങ്ങളെ പ്രവാചകന്‍ (സ്വ) ക്രമീകരിച്ച അതേ പ്രകാരം ക്രോഡീകരിക്കുകയാണ് അബൂബക്കര്‍ (റ) ചെയ്തത്. എന്നാല്‍ ഉസ്മാന്‍ (റ) ക്രോഡീകരിക്കാനുണ്ടായ സാഹചര്യം ജനങ്ങള്‍ക്ക് ഖിറാഅത്തുകളില്‍ ഉണ്ടായ അഭിപ്രായ ഭിന്നതയും തര്‍ക്കവുമാണ്. ഈ അവസ്ഥ തുടര്‍ന്നാല്‍ ഇനിയും ഭിന്നതകള്‍ അധികരിക്കുമെന്ന് ഭയന്ന് സൂറത്തുകള്‍ അടിസ്ഥാനത്തില്‍ ക്രമപ്പെടുത്തി ഒറ്റ ഗ്രന്ഥമായി ക്രോഡീകരിക്കുകയാണ് ചെയ്തത്.

ഖുര്‍ആന്‍ ക്രോഡീകരണത്തിനെതിരെ വന്നിട്ടുള്ള വിമര്‍ശനങ്ങള്‍

ഖുര്‍ആന്‍ ക്രോഡീകരണത്തിനെതിരെ ഒരുപാട് ആരോപണങ്ങള്‍ ഉയര്‍ന്നു വന്നിട്ടുണ്ട്. ഉദാഹരണത്തിന് അബൂബക്കര്‍ (റ)വിന്റെ കാലത്ത് നടന്ന ഖുര്‍ആന്‍ ക്രോഡീകരണത്തെ സ്മരിച്ച് സൈദുബ്നു സാബിത്(റ) പറയുന്നു: ഖുര്‍ആന്‍ തോലുകളില്‍ നിന്നും എല്ലുകളില്‍ നിന്നും ഞാന്‍ സ്വീകരിച്ചു. എന്നാല്‍ തൗബ സൂറത്തിലെ അവസാന ഭാഗം അബൂ ഖുസൈമതുല്‍ അന്‍സ്വാരി എന്നവരില്‍ നിന്നല്ലാതെ മറ്റാരില്‍ നിന്നും ലഭിച്ചില്ല. ഉസ്മാന്‍ (റ)വിന്റെ കാലത്ത് നടന്ന ക്രോഡീകരണത്തെ സ്മരിച്ച് സൈദുബ്നു സാബിത്(റ) പറയുന്നത് റസൂല്‍ (സ്വ) തങ്ങള്‍ ഓതുന്നതായി ഞാന്‍ കേട്ടിട്ടുള്ള അഹ്സാബ് സൂറത്തിലെ ആയത്ത് അബൂ ഖുസൈമതുല്‍ അന്‍സ്വാരി എന്നവരില്‍ നിന്നല്ലാതെ മറ്റാരില്‍ നിന്നും ലഭിച്ചില്ല.

ഈ രണ്ട് നിവേദനങ്ങൾ അറിയിക്കുന്നത് ഖുര്‍ആന്‍ ക്രോഡീകരണത്തില്‍ ആഹാദ് ആയ രിവായത്തിനെയും അവലംബിച്ചിട്ടുണ്ട് എന്നാണ്. അത്, ഖുര്‍ആന്‍ തവാതുറിനാല്‍ സ്ഥിരപ്പെട്ടതാണെന്ന നിങ്ങളുടെ വാദത്തെ പൊളിക്കുന്നതല്ലേ എന്നാണ് ഒരു ചോദ്യം.

ഈ വിമര്‍ശത്തിനുള്ള മറുപടി: ഈ ഉദ്ധരണികള്‍ ഖുര്‍ആന്‍ തവാത്തുറായി സ്ഥിരപ്പെട്ടതാണെന്നതിന് എതിരാകുന്നതല്ല. ഖുര്‍ആന്‍ ക്രോഡീകരണത്തില്‍ അവലംബിച്ചിരിക്കുന്നത് ഹിഫ്ളും എഴുതിവെക്കപ്പെട്ടതുമാണ്. എഴുത്ത് അവലംബമാക്കുന്നതിലുള്ള അവരുടെ ലക്ഷ്യം കൂടുതല്‍ ദൃഢത വരുത്തലും ആത്മവിശ്വാസവുമാണ്. കാരണം, എഴുത്ത് നബി(സ്വ) തങ്ങളുടെ കണ്‍മുമ്പില്‍ വെച്ച് എഴുതപ്പെട്ടതായിരുന്നു. അതിനാല്‍ സൈദ് (റ) എനിക്കത് ലഭിച്ചില്ല എന്ന് പറഞ്ഞത്, എഴുതി വെക്കപ്പെട്ടതായി ലഭിച്ചില്ല എന്നാണ്. തവാതുറിനെ സ്ഥിരപ്പെടുത്തുന്ന വിധം ഒരു കൂട്ടം ആളുകള്‍ക്ക് അത് മനപ്പാഠമില്ലായിരുന്നു എന്നല്ല. ഇക്കാര്യം സൈദുബ്നു സാബിത് (റ)വിന്റെ രിവായത്തില്‍ നിന്നും ഗ്രാഹ്യമാണ്.

നബി (സ്വ) തങ്ങളില്‍ നിന്നും ഞാന്‍ കേട്ടിട്ടുള്ള അഹ്സാബിലെ ആയത്ത് അബൂ ഹുസൈമത്തുല്‍ അന്‍സ്വാരി (റ) എന്നവരില്‍ നിന്നല്ലാതെ ലഭിച്ചിട്ടില്ല എന്ന് പറയുമ്പോള്‍ അദ്ദേഹത്തിന് അത് മനപ്പാഠമുണ്ടാവുകയും ഖുര്‍ആനാണെന്നതില്‍ ദൃഢതയും ഉണ്ടായിരുന്നു എന്നാണ്. എന്നാല്‍, അതിവിന്റെ എഴുതപ്പെട്ട അടിസ്ഥാനം അന്വേഷിക്കുകയായിരുന്നു അദ്ദേഹം.

അബൂബക്കര്‍ (റ)വിന്റെ കാലത്ത് ഖുര്‍ആന്‍ മുഴുവനായി ക്രോഡീകരിക്കപ്പെട്ടു. എന്നാല്‍ തൗബ സൂറത്തിലെ ആയത്ത് നഷ്ടപ്പെട്ടു എന്ന് പറയാന്‍ കാരണം, അബൂബക്കര്‍(റ) ക്രോഡീകരിച്ച മുസ്ഹഫില്‍ നിന്നും മാഞ്ഞു പോയതിനാലോ, ചിതലരിച്ചത് കാരണമോ നഷ്ടപ്പെട്ടു എന്നാവാം. അതിനാല്‍ വീണ്ടും അത് അന്വേഷിക്കല്‍ അവര്‍ക്ക് അത്യാവശ്യമായി. പക്ഷെ അവർക്ക് അത് അബൂ ഖുസൈമത്തില്‍ അൻസാരി (റ)ന്‍റെ അടുത്ത് നിന്നും മാത്രമേ എഴുതപ്പെട്ടതായി ലഭിച്ചുള്ളൂ.

ഉപസംഹാരം

വിശുദ്ധ ഖുര്‍ആന്‍ പ്രവാചകന്റെ കാലത്ത് ഹൃദയങ്ങളിലും, എല്ലുകളിലും, തോലുകളിലും, കല്‍ പാളികളിലും, മരക്കഷ്ണങ്ങളിലുമെല്ലാം സൂക്ഷിച്ചിരിക്കുകയായിരുന്നു.
പിൽക്കാലത്ത് അബൂബക്കര്‍ (റ)വിന്റെയും ഉസ്മാന്‍ (റ)വിന്റെയും കാലത്ത് ക്രോഡീകരണം നടക്കുകയായിരുന്നു. വിശുദ്ധ ഖുര്‍ആന്‍ എക്കാലത്തും നഷ്ടപ്പെട്ട് പോകാതെ സംരക്ഷിക്കപ്പെടണമെന്ന ഇലാഹീ ലക്ഷ്യവും സ്വഹാബികളുടെ താത്പര്യവുമായിരുന്നു അതിന്റെ പിന്നിലുള്ള ഹേതു.

  • مناهل العرفان –الإمام زرقاني
  • الانتصار للقرآن- الإمام الباقلاني
  • അവലംബം
  • – فتح الباري شرح صحيح البخاري، الإمام ابن حجر العسقلاني
  • – الجامع أحكام القرآن، الإمام قرطبي
  • – جمع القرآن الكريم في عهد الخلفاء الراشدين- الرومي
  • – جمع القرآن الكريم في عهد الخلفاء الراشدين- السندي
  • – جمع القرآن في مراحله التاريخية من العصر النبوي إلى عصر الحديث
  • – വസന്തം തഫ്സീര്‍ പതിപ്പ്- 2015
  • -അല്‍ മുനീര്‍ തഫ്സീര്‍ പതിപ്പ്- 2015
  • -ഇസ്ലാമിക വിജ്ഞാന കോശം- ഐ. പി. എച്ച്

Leave a Reply

Discover more from The Campus Journal

Subscribe now to keep reading and get access to the full archive.

Continue reading