ഫർഹയുടെ കഥ; അധിനിവേശത്തിൻ്റെയും

‘അവൻ ചെറുതാണ്, അവനുവേണ്ടി ഒരു ബുള്ളറ്റ് വെറുതെ പാഴാക്കരുത്. ഒരു ചവിട്ട്, പെട്ടെന്ന് തീരും…’

മേജർ ആ ചെറുപ്പക്കാരനായ ഇസ്രായേലി പട്ടാളക്കാരനോട് പറഞ്ഞു. ആ ചോരപ്പൈതലിനു നേരെ ഉയർത്തിയ ബൂട്ടിട്ട കാലുകളെ അയാളുടെ തന്നെ മനസ്സാക്ഷി പുറകോട്ട് പിടിച്ചു വലിച്ചു. തന്റെ റൈഫിൾ നിലത്തേക്ക് വലിച്ചെറിഞ്ഞ് അയാൾ അസ്വസ്ഥത പൂണ്ടു. അവസാനം കയ്യിലുണ്ടായിരുന്ന ഒരു വെള്ളത്തൂവാല ആ കുഞ്ഞിന്റെ മുഖത്തിട്ട് അയാൾ തിരിഞ്ഞു നടന്നു….

ഏഴര ലക്ഷത്തോളം ഫലസ്തീനികൾ അവരുടെ വീടുകളിൽ നിന്നും കുടിയിറക്കപ്പെട്ട 1948ലെ നക്ബ (Palestinian Catastrophe) സമയത്ത് തദ്ദേശീയർ അനുഭവിച്ച വേദനയുടെ നേർസാക്ഷ്യമാണ് 2021ൽ ജോർദാനിയൻ സംവിധായിക ദരീൻ ജെ സലാമിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ഫർഹ എന്ന 1 മണിക്കൂർ 30 മിനിറ്റ് ഹിസ്റ്റോറിക്കൽ ഡ്രാമ.

പതിനാലുകാരിയായ ഫർഹ എന്ന ഫലസ്തീനി പെൺകുട്ടിയുടെ ജീവിതത്തിലൂടെയാണ് കഥ പുരോഗമിക്കുന്നത്. ഫർഹ ജീവിക്കുന്ന സാമൂഹിക പശ്ചാത്തലത്തെ കൂടി കൃത്യമായി വരച്ചു കാണിക്കുന്നതിൽ സംവിധായിക വിജയിച്ചിട്ടുണ്ട്. ബ്രിട്ടീഷ് പട്ടാളത്തിന്റെ വാഹന ശബ്ദം കേൾക്കുമ്പോൾ കല്ലുകളുമായി പിന്നാലെ കൂടുന്ന കൊച്ചുകുട്ടികൾ എക്കാലത്തെയും ഫലസ്തീന്റെ പ്രതിരോധ മനോഭാവം വ്യക്തമാക്കുന്നു. തോക്കിന്റെ രൂപത്തിൽ രൂപകൽപ്പന ചെയ്ത കവണകളിൽ കല്ലെയ്തു വിട്ട് അത് ബ്രിട്ടീഷ് പട്ടാളക്കാരന്റെ ശരീരത്തിൽ പതിക്കുമ്പോൾ ആഹ്ലാദനൃത്തം ചവിട്ടുന്ന കൊച്ചുകുട്ടികൾ ഇന്നത്തെ ഫലസ്തീൻ പോരാളികളുടെ പിന്മുറക്കാരാണ്. പെൺകുട്ടികൾക്ക് പൊതുവേ വിദ്യാഭ്യാസം അപ്രാപ്യമായിരുന്നിടത്തുനിന്ന് സമൂഹത്തിലുണ്ടായി വന്ന മാറ്റങ്ങളും സിനിമ ചർച്ച ചെയ്യുന്നുണ്ട്. ഒപ്പമുള്ളവർ വൈവാഹിക ജീവിതം സ്വപ്നം കണ്ടു കഴിയുമ്പോൾ തൻ്റെ ഉറ്റമിത്രം ഫരീദയെ പോലെ പട്ടണത്തിൽ ഹൈസ്കൂൾ വിദ്യാഭ്യാസത്തിന് ചേരാനാണ് ഫർഹ കൊതിക്കുന്നത്. അമ്മാവൻ കൂടി പിന്തുണക്കുന്നതോടെ പിതാവ് അവൾക്ക് പട്ടണത്തിലെ ഹൈസ്കൂളിൽ സീറ്റ് ഉറപ്പാക്കി നൽകുന്നു. അഡ്മിഷൻ ലഭിച്ച സന്തോഷത്തിൽ കിടന്നുറങ്ങുന്ന ഫർഹ പിറ്റേന്ന് കണ്ണ് തുറക്കുന്നത് യുദ്ധ കാഹളം മുഴങ്ങുന്ന അന്തരീക്ഷത്തിലേക്കാണ്. വെടിയൊച്ച മുഴങ്ങുന്ന അന്തരീക്ഷത്തിൽ കയ്യിൽ കിട്ടിയ വസ്തുക്കളുമായി ആളുകൾ ഓടി രക്ഷപ്പെടുമ്പോഴും വീട്ടിലേക്ക് തിരിഞ്ഞോടി തൻ്റെ അഡ്മിഷൻ ലെറ്റർ ഭദ്രമായി സൂക്ഷിക്കുന്നുണ്ട് പതിനാലുകാരിയായ ഫർഹ. തൻ്റെ മകളെ എങ്ങനെ സംരക്ഷിക്കുമെന്ന് വ്യാകുലപ്പെട്ട് പിതാവ് അവളെ വീട്ടിലെ ഇരുണ്ട പത്തായപുരയിൽ അടച്ചുപൂട്ടി തൻ്റെ റൈഫിളുമായി രണാങ്കണത്തിലേക്കിറങ്ങുന്നതോടെ കഥ മറ്റൊരു ഘട്ടത്തിലേക്ക് പ്രവേശിക്കുകയാണ്. പ്രകാശം കടക്കാനുള്ള ചെറിയ ഒരു ദ്വാരം മാത്രമുള്ള ആ മുറിയിൽ നിന്നും ഫർഹ കാണുന്ന കാഴ്ചകളാണ് ചിത്രത്തെ മുന്നോട്ട് നയിക്കുന്നത്.

യുദ്ധഭൂമിയിലെ തകർന്നു കിടക്കുന്ന കെട്ടിടത്തിനുള്ളിൽ കുഞ്ഞിന് ജന്മം നൽകുന്ന സ്ത്രീയുടെ ദൃശ്യം നിരാശയുടെ ആഴങ്ങളിൽ പ്രതീക്ഷയുടെ പുതുനാമ്പുകൾ പൊട്ടിമുളക്കുന്നതെങ്ങനെയെന്ന് കാഴ്ചക്കാരെ ബോധ്യപ്പെടുത്തുന്നു. സായുധനായ പട്ടാള മേജറിന്റെ മുഖത്തേക്ക് കാർക്കിച്ചു തുപ്പുന്ന നിരായുധയായ സ്ത്രീ ഫലസ്തീനിയൻ രക്തത്തിലലിഞ്ഞ അധിനിവേശവിരുദ്ധതയുടെ നേർസാക്ഷ്യമാണ്. വെള്ളവും വെളിച്ചവുമില്ലാത്ത ഇരുട്ട് മുറിയുടെ ദൈന്യതകളെ അതിജീവിച്ച് പുറത്തു കടക്കുന്ന ഫർഹയെ അറ്റമില്ലാത്ത ശൂന്യതയാണ് എതിരേൽക്കുന്നത്. പൊട്ടിയ ഊഞ്ഞാലും സുഹൃത്തിൻ്റെ പേരെഴുതിയ പേപ്പർ കഷ്ണവും ബാബ തന്നെ ഏൽപ്പിച്ച സ്വർണക്കത്തിയും ഫർഹയുടെ അഥവാ ഫലസ്തീനിയൻ ജനതയുടെ നഷ്ടബോധത്തിന്റെ അടയാളപ്പെടുത്തലുകളാണ്. വീട്ടിലെ ധാന്യ ചാക്കുകളിൽ ഭക്ഷണത്തോടൊപ്പം തോക്കുകളും കരുതിവെക്കുന്ന ഫലസ്തീന്റെ പോരാട്ട മുഖത്തെയും സ്വന്തം നാട്ടുകാരെ പോലും ശത്രുവിന് ഒറ്റിക്കൊടുക്കാൻ മടിയില്ലാത്ത കപ്പലിലെ കള്ളന്മാരെയും ചിത്രം അനാവരണം ചെയ്യുന്നുണ്ട്.

1948 കാലഘട്ടത്തിൽ ഫലസ്തീനിൽ ജീവിച്ചിരുന്ന റാദിയ എന്ന പെൺകുട്ടിയുടെ കഥയാണ് ചിത്രത്തിൻ്റെ പ്രമേയം. നക്ബയിൽ തൻ്റെ ബന്ധുക്കളെ നഷ്ടപ്പെട്ട അവൾ ശിഷ്ടകാലം സിറിയയിലാണ് താമസിച്ചത്. സിനിമക്ക് സാങ്കേതികമായും യുക്തിപരമായും ചില പോരായ്മകളുണ്ടെങ്കിലും ഫലസ്തീനോട് ലോകം ചെയ്ത ചതിയും ക്രൂരതയും ചെറിയ അളവിലെങ്കിലും പ്രതിഫലിപ്പിക്കാൻ ചിത്രത്തിന് സാധിച്ചിട്ടുണ്ട്. ചിത്രത്തിൽ ജോർദാനിയൻ നടി കരം താഹിർ ഫർഹയായും ഫലസ്തീനിയൻ താരം അഷറഫ് ബർഹൂം അബൂ ഫർഹയായും Tala Gammoh ഫരീദയായും വേഷമിടുന്നു. നൂർ താഹിർ, അലി സുലൈമാൻ, സുൽത്താൻ അൽഖൈൽ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.

2021ൽ ടൊറന്റോ ഇൻറർനാഷണൽ ഫിലിം ഫെസ്റ്റിവൽ വേദിയിൽ റിലീസ് ചെയ്യപ്പെട്ട സിനിമ തുടർന്ന് Busan International Film Festival(2021), Göteborg Film Festival(2022), Cleveland International Film Festival(2022), Rome Film Festival തുടങ്ങിയ ഫിലിം ഫെസ്റ്റിവലുകളിലും പ്രദർശിപ്പിക്കപ്പെട്ടു.

2022 ഡിസംബർ ഒന്നിന് നെറ്റ്ഫ്ളിക്സിലൂടെ സിനിമ സംപ്രേക്ഷണം ചെയ്യപ്പെട്ടതോടെ ഇസ്രായേലടക്കം വിവിധ രാജ്യങ്ങളിൽ നിന്നും സിനിമയ്ക്ക് നേരെ വലിയ രീതിയിലുള്ള എതിർപ്പുകൾ ഉണ്ടായെങ്കിലും ഐ.എം.ഡി.ബിയിൽ സിനിമ 8.1/10 സ്റ്റാർ പോസിറ്റീവ് റിവ്യൂ നേടിയിട്ടുണ്ട്.

2021ലെ റെഡ് സീ ഇൻറർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ സ്പെഷ്യൽ മെൻഷൻ അവാർഡ്, 2022ലെ malmö അറബ് ഫിലിം ഫെസ്റ്റിവലിൽ ബെസ്റ്റ് ഫീച്ചർ ഫിലിം അവാർഡ്, 2022ലെ ഏഷ്യാ പസഫിക് സ്ക്രീൻ അവാർഡിൽ ബെസ്റ്റ് യൂത്ത് ഫീച്ചർ ഫിലിം അവാർഡ് ഉൾപ്പെടെ ധാരാളം അവാർഡുകൾ നേടിയ സിനിമ ജോർദാന്റെ 2023ലെ ഔദ്യോഗിക ഓസ്കാർ എൻട്രിയായിരുന്നു.

Leave a Reply

Discover more from The Campus Journal

Subscribe now to keep reading and get access to the full archive.

Continue reading