ചോരകൊണ്ട് ചരിതം രചിച്ച മണ്ണാണ് മലബാർ. പോരാട്ടവീര്യത്തിന്റെ പ്രശോഭിതവും പ്രക്ഷുബ്ധവുമായ ചരിത്രത്തിന്റെ അവശേഷിപ്പുകൾ മായാത്ത ഓർമ്മകളായി മലബാറിന്റെ മണ്ണിലും മാപ്പിള മനസ്സിലും ഇന്നും നിലനിൽക്കുന്നുണ്ട്. ബ്രിട്ടീഷ് വൈദേശികാധിപത്യത്തെ സ്വജീവൻ ബലി നൽകിയും തുരത്തുമെന്ന ദൃഢ പ്രതിജ്ഞയുടെ പിൻബലത്തിൽ രചിച്ച ആ വിപ്ലവത്തിന്റെ കഥകൾ മലബാർ മാപ്പിളമാരുടെ അകതാരിൽ ഊർജ്ജവും ഉത്തേജനവും ഉന്മേഷവും പകർന്നേകുന്നതാണ്. എന്നാൽ ചരിത്രത്തെയും മാപ്പിള പോരാട്ടത്തെയും പലതായി വ്യാഖ്യാനിക്കപ്പെട്ടിട്ടുണ്ടെങ്കിലും ബ്രിട്ടീഷുകാരെ ശത്രുക്കളും പിശാചുക്കളും മാത്രമായി കണക്കാക്കിയ ഒരുപറ്റം സാധാരണ ജീവിതങ്ങളുടെ ജീവ സമർപ്പണം മാത്രമായി അത് വായിക്കപ്പെടുന്നിടത്താണ് മലബാർ മുസ്ലിങ്ങൾ ആരായിരുന്നു എന്ന യാഥാർത്ഥ്യം തിരിച്ചറിയപ്പെടേണ്ടത്.
മലബാർ മുസ്ലിങ്ങളുടെ ജീവിതത്തെ സൂചിപ്പിക്കാൻ ഒരു സംഭവം മാത്രം ഉദ്ധരിച്ചാൽ മതിയാകും. 2020 ഓഗസ്റ്റ് 7ലെ രാത്രി കേരളവും മലബാറും പ്രത്യേകിച്ച് കൊണ്ടോട്ടിയും അത്ര പെട്ടെന്നൊന്നും മറക്കാൻ സാധ്യതയില്ല. കരിപ്പൂർ വിമാനത്താവളത്തിൽ റൺവേയിൽ നിന്ന് തെന്നി മാറി അപകടത്തിൽപ്പെട്ട വിമാനത്തിലെ യാത്രക്കാരെ സ്പർശന നിരോധനവും സോഷ്യൽ ഡിസ്റ്റൻസിങ്ങുമടക്കമുള്ള കൊറോണ നിയന്ത്രണങ്ങളെ വകവെക്കാതെ രക്ഷപ്പെടുത്താൻ ഉത്സാഹം കാണിച്ച ഒരുപറ്റം ജനങ്ങളുടെ കഥ ആധുനിക ലോകത്തെ മലബാറിന്റെ അടയാളപ്പെടുത്തലായിരുന്നു. വിദേശത്ത് നിന്ന് വരുന്നവരാണ് കാര്യമായി രോഗാണുക്കൾ വഹിക്കുന്നത് എന്ന ബോധ്യം നിലനിൽക്കെയായിരുന്നു ഈ സ്വജീവൻ ബാലീ നൽകുന്ന ഈ ഉദ്യമത്തിന് അവർ ശ്രമിച്ചത്. കോരിച്ചൊരിയുന്ന മഴയത്തും സ്വജീവൻ പോലും വകവെക്കാതെ പരിചിതനെന്നോ അപരിചിതനെന്നോ വേർതിരിവില്ലാതെ രക്തം വാർന്നൊലിക്കുന്ന ശരീരങ്ങളെ സാഹസികമായി സ്വന്തം തോളിലേറ്റി, സ്വന്തം വാഹനങ്ങൾ ആംബുലൻസാക്കി ഞൊടിയിടയിൽ രക്ഷാപ്രവർത്തനത്തിലേർപ്പെട്ട് ജീവൻ രക്ഷിക്കാൻ മുന്നിട്ടിറങ്ങിയ സാധാരണക്കാരുടെ വാസസ്ഥലമായാണ് അന്ന് ലോകം മലബാറിനെ നോക്കി കണ്ടത്. ചുരുക്കത്തിൽ മലബാറിന്റെ ഇന്നലെകളെ വായിച്ചാലും ഇന്നിനെ വായിച്ചാലും ഫലം ഒന്നു തന്നെയാണ്.
കേരളം ഇന്ന് കൈവരിച്ച വികസന-ജീവിത നിലവാര വിതരണത്തിന്റെ ഭൂമിശാസ്ത്ര ഘടന പരിശോധിച്ചാൽ തന്നെ മലബാറിന്റെ പിന്നോക്കാവസ്ഥ സുവ്യക്തമാണ്. ജനസാന്ദ്രതയും ജനസംഖ്യയും ഏറെ ഉയർന്ന ഈ ഒരു ദേശത്ത് എന്തുകൊണ്ട് ഇത്രമാത്രം വികസന മുരടിപ്പ് നിലനിൽക്കുന്നു എന്നതിന്റെ ഉത്തരം കൂടി നാം കണ്ടെത്തേണ്ടതുണ്ട്.
വളരെ പതുക്കെയാണെങ്കിലും മലബാർ വികസനത്തിലേക്ക് ചുവടുവെക്കുന്നുണ്ട് എന്നത് ഒരു യാഥാർത്ഥ്യമാണ്. പക്ഷേ പരിമിതമായ സൗകര്യങ്ങൾ ഉപയോഗിച്ച് വിദ്യാഭ്യാസ മേഖലയിൽ തങ്ങളുടെ മികവ് തെളിയിക്കുമ്പോഴും അർഹതപ്പെട്ട സൗകര്യങ്ങൾ പോലും അനുവദിക്കാതെ തഴയപ്പെടുന്ന സങ്കുചിത രാഷ്ട്രീയ സാഹചര്യവും നാം തിരിച്ചറിയേണ്ടതുണ്ട്. ചോര നീരാക്കി അധ്വാനിക്കാൻ കടൽ കടന്ന പ്രവാസികൾ നാട്ടിലേക്കൊഴുക്കിയ പെട്രോ-ഡോളറിന്റെ കരുത്തിൽ വളർന്നുവന്നു എന്നതല്ലാതെ പറയത്തക്ക സാമ്പത്തിക പിൻബലങ്ങൾ ഒന്നും മലബാറിന് ലഭിച്ചിട്ടില്ല എന്നത് വികസന മുരടിപ്പിന്റെ പ്രധാന ഹേതുവാണ്. തെക്കൻ കേരളത്തിലെ വരേണ്യ സമൂഹത്തെ പോലെ ബ്രിട്ടീഷുകാരുടെ ഔദാര്യങ്ങൾക്കായി നട്ടെല്ല് വളക്കാൻ മലബാറിലെ മാപ്പിള മുസ്ലീങ്ങൾ ഒരു കാലത്തും തയ്യാറായില്ല എന്നത് മറ്റൊരു കാരണമായി വിലയിരുത്തേണ്ടതാണ്. അതേസമയം സി എച്ച് മുഹമ്മദ് കോയയെ പോലെ ധിഷണാശാലികളായ രാഷ്ട്രീയ നേതാക്കളുടെ അശ്രാന്ത പരിശ്രമത്തിന്റെ ഫലമായി ഉയർന്നു വന്ന വിദ്യാഭ്യാസ, സാമൂഹിക, വികസന സൗകര്യങ്ങളും വിസ്മരിക്കരുതാത്ത ഒരു വസ്തുത തന്നെയാണ്. അതൊക്കെ നിലനിൽക്കുമ്പോൾ പോലും പ്ലസ് വൺ സീറ്റിനും മറ്റു ഗവൺമെൻറ് ആനുകൂല്യങ്ങൾക്കും വേണ്ടി ഇന്നും സമരപ്പന്തലുകൾ കെട്ടി പോരാടേണ്ടി വരുന്നിടത്താണ് മലബാറിന്റെ പിന്നോക്കാവസ്ഥയുടെ പാരമ്യത വ്യക്തമാകുന്നത്.
സ്വാതന്ത്ര്യ പോരാട്ടങ്ങളുടെ ചരിത്രമല്ലാതെ ഗതകാല സ്മരണകളുടെ താളുകളിൽ മനപ്പൂർവ്വം തഴയപ്പെട്ടവരാണ് മലബാറുകാർ. പൂർവികരുടെ സ്മരണീയമായ പോരാട്ടങ്ങൾ വരും തലമുറയുടെ ഉപജീവന-വികസന-ഉന്നമനത്തിന് വേണ്ടിയുള്ള ത്യാഗങ്ങൾ ആയിരുന്നെന്ന് നാം മനസ്സിലാക്കാത്തിടത്താണ് നമ്മുടെ മുന്നോട്ടുള്ള പാത തിരിച്ചറിയപ്പെടാതെ പോകുന്നത്. നമ്മുടെ ഇടങ്ങൾ നാം തന്നെ കണ്ടെത്തുമ്പോൾ മാത്രമേ കേരളത്തിന്റെ ഭാവിയുടെ ചരിത്രത്തിൽ നമുക്കൊരു ഇടം സൃഷ്ടിക്കപ്പെടുകയുള്ളൂ. അതിനുവേണ്ടി വിദ്യാഭ്യാസപരമായും രാഷ്ട്രീയപരമായും മുന്നേറ്റം സൃഷ്ടിക്കാൻ ഓരോ പൗരനും തയ്യാറാകേണ്ടത് അനിവാര്യമാണ്. സ്വാർത്ഥമായ സാമ്പത്തിക നേട്ടങ്ങൾക്കപ്പുറം സമൂഹത്തിന്റെ പൊതുവായ ഉന്നമനത്തിനു വേണ്ടി സാർഥക മുന്നേറ്റം സൃഷ്ടിക്കാനും അതിലൂടെ പുഷ്‌കലമായൊരു ഭാവി മലബാറിന് സമ്മാനിക്കാനും ത്യാഗ സന്നദ്ധരാവേണ്ടത് നമ്മുടെ ബാധ്യത കൂടിയാണ്.
