മദ്ഹബുകളുടെ സമീപന രീതി

ഒരു ഇസ്ലാം മതവിശ്വാസിയുടെയും ഇസ്ലാമിക ഭരണത്തിന്‍റെയും നിയമാവലിയാണ് ശരീഅ അല്ലെങ്കില്‍ ശരീഅത്ത് എന്നറിയപ്പെടുന്നത്. ശരീഅത്തിന്‍റെ അടിസ്ഥാനങ്ങള്‍ ഖുര്‍ആന്‍, പ്രവാചകചര്യ, പണ്ഡിതന്മാരുടെ യോചിച്ച അഭിപ്രായം അഥവാ ഇജ്മാഅ്, ഖിയാസ് എന്നിവയാണ്. ശരീഅത്ത് ജീവിതത്തിന്‍റെ സര്‍വമേഖലകളെയും സ്പര്‍ശിക്കുന്നു. വസ്ത്രധാരണം, കുടുംബ ബന്ധങ്ങള്‍, ഭക്ഷണരീതി, മനുഷ്യാവകാശങ്ങള്‍, സാമ്പത്തിക ഇടപാടുകള്‍ അങ്ങനെ മനുഷ്യ ജീവിതവുമായി ബന്ധപ്പെട്ടു കിടക്കുന്ന എല്ലാം ഇതിന്‍റെ പരിധിയില്‍ വരുന്നു. മുകളില്‍ പറഞ്ഞ കാര്യങ്ങളുടെ അടിസ്ഥാനത്തില്‍ പല വീക്ഷണങ്ങളിലുള്ള നിയമാവലികള്‍ രൂപം കൊണ്ടിട്ടുണ്ട്. അഥവാ ഇസ്ലാമിക ശരീഅത്ത് എകശിലാത്മകമായ ഒന്നല്ല. മറിച്ച് വ്യത്യസ്ത അഭിപ്രായങ്ങളാലും ചിന്താധാരകളാലും രൂപം കൊണ്ട പ്രത്യേക സരണികളും അവ ഉള്‍കൊള്ളുന്നു. അതില്‍ പ്രധാനപ്പെട്ടത് ഇന്നും കാലിക പ്രസക്തിയോടുകൂടി നിലനില്‍ക്കുന്ന നാല് മദ്ഹബുകളാണ്. ഇവകള്‍ക്കിടയില്‍ അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടെങ്കിലും എല്ലാ ഇമാമുമാരും ഗവേഷണം നടത്തിയിട്ടുള്ളത് ഖുര്‍ആനും ഹദീസും ഉപയോഗിച്ച് തന്നെയാണ്. എന്നിരുന്നാലും അവകളില്‍ ഗവേഷണം നടത്തുമ്പോള്‍ ലഭിക്കുന്ന അറിവുകളുടെയും മനസ്സിലാക്കലുകളുടെയും വ്യത്യാസമാണ് വ്യത്യസ്ത മദ്ഹബുകള്‍ ഉണ്ടാക്കാന്‍ കാരണം.

ഇജ്തിഹാദും തഖ്ലീദും
ഖുര്‍ആന്‍ ഹദീസ് തുടങ്ങിയ ഇസ്ലാമിക പ്രമാണിക ഗ്രന്ഥങ്ങളില്‍ നിന്നും ഇസ്ലാമിക കര്‍മ്മ ശാസ്ത്രത്തിന്‍റെ വിധികളെ ഉരുത്തിരിച്ച് എടുക്കാന്‍ വേണ്ടി ശ്രമിക്കുന്നതിനെയാണ് ഇജ്തിഹാദ് എന്ന് പറയുന്നത്. തെളിവുകളില്‍ നിന്നും ഹുക്മുകള്‍ കണ്ടെത്തുന്ന വരെ മുജ്ത്തഹിദ് എന്നും പറയുന്നു. മുജ്തഹിദ് എന്ന് നിരുപാധികം പറഞ്ഞാലുള്ള വിവക്ഷ മുജ്തഹിദ് മുത്ലഖ് മുസ്തഖില്ല് എന്നാണ്. അതായത് ശാഫിഈ ഇമാം, ഹനഫി ഇമാം, മാലിക്കി ഇമാം, ഇമാം അഹ്മദ് ബിന്‍ ഹമ്പല്‍ ഇവരെപോലെ സ്വന്തമായി ഉസൂലുകള്‍ സ്ഥാപിച്ചുകൊണ്ട് ഖുര്‍ആന്‍ ഹദീസ് പോലെ തഫ്സീലിയായ തെളിവുകളില്‍ നിന്നും വിധികളെ കണ്ടെത്താന്‍ കഴിയുന്ന വരെയാണ് മുജ്തഹിദ് മുതലഖ് മുസ്തഖില്ല് എന്ന് പറയുന്നത്.

മുജ്തഹിദിന്‍റെ ഒരുപാട് ഇനങ്ങള്‍ വ്യത്യസ്ത കിതാബുകളില്‍ വ്യത്യസ്ത രീതിയില്‍ നമുക്ക് കാണാന്‍ സാധിക്കും. മുജ്തഹിദ് മുത്ലഖ് മുസ്തഖില്ല്, മുജ്തഹിദ് മുതലഖ് മുന്‍തസിബ്, മുജ്തഹിദ് ഫില്‍ മദാഹിബ്, മുജ്തഹിദ് ഫില്‍ ഫിതിയ പോലെയുള്ളവ കാണാന്‍ കഴിയും. ഒരു പൊതുവായ വിശകലനം നടത്തുമ്പോള്‍ മുജ്തഹിദ് മുത്ലഖ് എന്നും അവരെല്ലാത്തവരെ മുഖല്ലിദ് എന്നും കണക്കാക്കുന്നു. അപ്പോള്‍ മുജ്തഹിദ് മുത്ലഖ് അല്ലാത്ത ഒരാള്‍ക്ക് ഒരു മദ്ഹബിന്‍റെ ഇമാമിനെ പിന്‍പറ്റല്‍ അനിവാര്യമാണ്. പില്‍ക്കാലത്ത് മദ്ഹബ് ക്രോഡികരിക്കപ്പെട്ട ഒരു മുജ്തിഹദ് ഉണ്ടെന്ന് അറിയപ്പെടാത്തതിനാല്‍ ഈ നാലാലൊരു മദ്ഹബ് സ്വീകരിക്കേണ്ടതാണ്.

സ്വീകരിക്കാന്‍ കഴിയുന്ന ഏകദേശം പതിനൊന്ന് മദ്ഹബുകള്‍ ആണ് നിലനിന്നിരുന്നത് എന്നാണ് ചരിത്ര ഗ്രന്ഥങ്ങളില്‍ നിന്നും നമുക്ക് മനസ്സിലാക്കാന്‍ സാധിക്കുന്നത്. അതില്‍ ഇമാം മാലിക് ഇബ്നു അനസ് എന്നവരുടെ മാലിക്കി മദ്ഹബും ഇമാം അബൂഹനീഫ എന്നവരുടെ ഹനഫി മദ്ഹബും ഇമാം മുഹമ്മദുബ്നു ഇദ്രീസു ശാഫിഈ എന്നവരുടെ ശാഫിഈ മദ്ഹബും ഇമാം അഹ്മദുബ്നു ഹന്‍ബല്‍ എന്നവരുടെ ഹന്‍ബലീ മദ്ഹബുമാണ് പ്രധാനപ്പെട്ടത്. കൂടാതെ സുഫിയാനു സവുരി എന്നവരുടെ മദ്ഹബും സുഫ്യാനു ബ്നു ഉയയ്ന എന്നവരുടെ മദ്ഹബും ലയിസു ബ്നു സഅദ് എന്നവരുടെ മദ്ഹബും ഇസ്ഹാഖ് റാഹവയ്ഹി എന്നവരുടെ മദ്ഹബും ഇബ്നു ജരീര്‍ എന്നവരുടെ മദ്ഹബും ദാവൂദ്, അവുസഈ എന്നവരുടെ മദ്ഹബുകളും നിലനിന്നിരുന്നു. എന്നിരുന്നാലും കൃത്യമായി എല്ലാ ഹുക്കുമുകളും ഉസൂലുകളും ക്രോഡീകരിക്കപ്പെട്ട രീതിയില്‍ നാലു മദ്ഹബുകള്‍ മാത്രമാണ് ഇപ്പോഴും നിലനില്‍ക്കുന്നത്. അതിനാല്‍ നാലാലൊരു മദ്ഹബ് മാത്രമേ നമുക്ക് പൂര്‍ണ്ണമായും പിന്തുടരാന്‍ സാധിക്കുകയുള്ളൂ.

ഒരു ഇമാം കണ്ടെത്തിയ ഹുക്കുമുകളുടെ തെളിവുകള്‍ മനസ്സിലാക്കാതെ അദ്ദേഹത്തെ പിന്തുടരുക എന്നതാണ് തഖ്ലീദ് കൊണ്ടുള്ള ഉദ്ദേശം. ഒരു ഇമാമിനെ പിന്‍പറ്റണമെങ്കില്‍ തനിക്ക് കഴിയുന്ന രൂപത്തില്‍ പൂര്‍ണമായി ഇജ്തിഹാജ് ചെയ്തിരിക്കണം. ഉദാഹരണം:

മുജ്തഹിദ് മുത്ലഖ് മുന്‍തസിബ്: തന്‍റെ ഇമാം സ്ഥാപിച്ച മദ്ഹബിലെ ഉസൂലുകള്‍ അനുസരിച്ച് മദ്ഹബില്‍ നിന്നുകൊണ്ട് ഇജ്തിഹാദ് നടത്തുന്നു.


മുജ്തഹിത് തഹ്രീജ്:
പിന്‍പറ്റുന്ന ഇമാം പറയാത്ത മസ്അലകളിലെ അഹ്ക്കാമുകള്‍ മാത്രം കണ്ടെത്തുന്നു. ഇമാം പറഞ്ഞിട്ടുള്ള വിഷയങ്ങളില്‍ അവരെയും പിന്‍പറ്റുന്നു. ഇത്തരത്തില്‍ തനിക്ക് കഴിയുന്ന രീതിയില്‍ ഇജ്തിഹാദ് ചെയ്തിട്ടുണ്ടായിരിക്കണം.

ഒരു ഇമാമിനെ തഖ്ലീദ് ചെയ്യണമെങ്കില്‍ ചില നിബന്ധനകള്‍ ഉണ്ട്.

-മുജ്തഹിദ് അല്ലാതിരിക്കുക
-ക്രോഡീകരിക്കപ്പെട്ട മദ്ഹബ് മാത്രം പൂര്‍ണമായി പിന്‍പറ്റുക.
-അനുകരിക്കപ്പെടുന്ന ഇമാം വിശ്വാസയോഗ്യന്‍ ആയിരിക്കുക.
-ചില പ്രത്യേക മസ്അലകളില്‍ മാത്രം പിന്‍പറ്റുന്നു എങ്കില്‍ ആ മസ്അലകളിലെ ശര്‍ത്തുകളും അര്‍ക്കാനുകളും കൃത്യമായി മനസ്സിലാക്കുക. അതുപോലെ സനദും എത്തുക.

ശാഫിഈ മദ്ഹബ്
ഓരോ കാലഘട്ടങ്ങളുടെയും സാഹചര്യങ്ങള്‍ക്കനുസരിച്ച് ഇമാം ശാഫിഈ എന്നവരെ പിന്‍പറ്റുന്ന പണ്ഡിതന്മാര്‍ അദ്ദേഹത്തിന്‍റെ മദ്ഹബിന്‍റെ ചട്ടക്കൂടില്‍ നിന്നുകൊണ്ടുതന്നെ വ്യത്യസ്ത അഭിപ്രായങ്ങള്‍ പറഞ്ഞിട്ടുണ്ട്. ഇത്തരത്തില്‍ ശാഫിഈ ഇമാമിന്‍റെയും മദ്ഹബിലെ യോഗ്യരായ പണ്ഡിതന്മാരുടെയും അഭിപ്രായങ്ങള്‍ ചേര്‍ന്നതാണ് ശാഫിഈ മദ്ഹബ്. ശാഫിഈ ഇമാമിന്‍റെ ഗ്രന്ഥങ്ങളായ الأم, البويطي, مختصر المزني, الإملاء എന്നിവ നാം ഇന്ന് ഉപയോഗിക്കാറില്ല. പകരം പിന്‍കാല പണ്ഡിതന്മാര്‍ ഈ കിതാബുകളില്‍ നിന്നും അതത് സാഹചര്യങ്ങള്‍ക്കനുസരിച്ച് സ്വാംശീകരിച്ച അഭിപ്രായങ്ങള്‍ അടങ്ങുന്ന കിതാബുകള്‍ ആണ് ഉപയോഗിക്കുന്നത്. ഒരു മസ്അലയില്‍ ഇമാം ശാഫിഈ ഏതെങ്കിലും ഒരു അഭിപ്രായം പ്രബലപ്പെടുത്തിയിട്ടുണ്ടെങ്കില്‍ അതാണ് ശാഫിഈ മദ്ഹബിന്‍റെ അഭിപ്രായം. പില്‍ക്കാല പണ്ഡിതന്മാരുടെ ഭൂരിപക്ഷ അഭിപ്രായം ഇല്ലാതെ അവ ഖണ്ഡിക്കാന്‍ പാടുള്ളതല്ല.

ഖദീമും ജദീദും: ഒരുപാട് വിഷയങ്ങളില്‍ ശാഫിഈ ഇമാമിന് ഖദീമും ജദീദുമായ അഭിപ്രായങ്ങള്‍ കാണാന്‍ സാധിക്കും. ഈജ്പ്തിലേക്ക് പോകുന്നതിനു മുമ്പ് ശാഫിഈ ഇമാം പറഞ്ഞ അഭിപ്രായങ്ങള്‍ ഖദീമായ അഭിപ്രായങ്ങളെന്നും അതിനുശേഷം പറഞ്ഞ അഭിപ്രായങ്ങള്‍ ജദീദായ അഭിപ്രായങ്ങളെന്നും അറിയപ്പെടുന്നു. ഏകദേശം ഇരുപത് വിഷയങ്ങളില്‍ ഒഴികെ ജദീദായ അഭിപ്രായങ്ങളാണ് മദ്ഹബില്‍ പ്രബലമായത്.

മദ്ഹബിലെ അഭിപ്രായ വ്യത്യാസങ്ങള്‍
ശാഫിഈ മദ്ഹബില്‍ വ്യത്യസ്ത അഭിപ്രായങ്ങള്‍ ഉണ്ടെങ്കില്‍ ശൈഖാനി- ഇമാം നവവി (റ)യും ഇമാം റാഫിഈ (റ)യും ഏകകണ്ഠേന പ്രബലമാക്കിയ അഭിപ്രായമാണ് സ്വീകരിക്കേണ്ടത്. എന്നാല്‍ ഇവര്‍ അഭിപ്രായവ്യത്യാസത്തിലായാല്‍ നവവി ഇമാമിനെയും അദ്ദേഹത്തിന് പ്രത്യേക അഭിപ്രായമില്ലെങ്കില്‍ റാഫിഈ ഇമാമിനെയും സ്വീകരിക്കണം. അപ്രകാരം ഇമാം നവവി എന്നിവരുടെ ഗ്രന്ഥങ്ങളില്‍ അഭിപ്രായവ്യത്യാസങ്ങള്‍ ഉണ്ടായാല്‍

التحقيق (١)، المجموع (٢)، التنقيح (٣)، الروضة (٤)، المنهاج (٥)، الفتاوى (٦)، شرح المسلم (٧)  

എന്ന ക്രമത്തില്‍ അദ്ദേഹത്തിന്‍റെ ഗ്രന്ഥങ്ങളാണ് പരിഗണിക്കേണ്ടത്. ഇമാം നവവി എന്നവരും റാഫിഈ എന്നവരും ഏക അഭിപ്രായമായ ഒരു വിഷയം തെറ്റാണെന്ന് പില്‍ക്കാല പണ്ഡിതന്മാര്‍ ഏക അഭിപ്രായമായാല്‍ അത് സ്വീകരിക്കേണ്ടത് ഉണ്ട്. എന്നാല്‍ ഇത് വളരെ വിരളമാണ്. ഇത്തരത്തിലുള്ള വ്യത്യസ്ത അഭിപ്രായങ്ങളില്‍ നിന്നും പ്രബലമായത് മനസ്സിലാക്കാന്‍ പില്‍കാലത്ത് വന്ന ശാരീഹീങ്ങളായ പണ്ഡിതന്മാരുടെ കിതാബുകളാണ് ആശ്രയിക്കേണ്ടത്. പ്രധാനമായും നവവി ഇമാമിന്‍റെ മിന്‍ഹാജിനെ വ്യാഖ്യാനിച്ച് ഇബ്നു ഹജറുല്‍ ഹൈത്തമി എന്നിവര്‍ രചിച്ച തുഹ്ഫത്തുല്‍ മുഹ്താജ്, ഇമാം റംലീ എന്നവര്‍ രചിച്ച നിഹായത്തുല്‍ മുഹ്താജ്, ഖത്തീബ് ശര്‍ബീനി എന്നവര്‍ രചിച്ച മുഗ്നിയല്‍ മുഹ്താജ് എന്നീ ഗ്രന്ഥങ്ങളാണ് ആധുനിക പണ്ഡിതന്മാര്‍ കൂടുതലായും ഉപയോഗിക്കുന്നത്. ഈജിപ്തിലെ അധിക പണ്ഡിതന്മാരും റംലി ഇമാമിന്‍റെ നിഹായയാണ് കൂടുതലായും ആശ്രയിക്കുന്നത്. അതുപോലെ ഹളര്‍മൗത്ത്, സിറിയ, കുര്‍ദിസ്ഥാന്‍, ഡാഗെസ്താന്‍, യമന്‍, ഹിജാസ് എന്നീ സ്ഥലങ്ങളിലെ പണ്ഡിതന്മാര്‍ ഇബ്നു ഹജറുല്‍ ഹൈത്തമിയുടെ തുഹ്ഫയാണ് ആശ്രയിക്കുന്നത്. കേരളീയ പശ്ചാത്തലത്തില്‍ മുന്‍കാല പണ്ഡിതന്മാരുടെ പാരമ്പര്യമനുസരിച്ച് തുഹ്ഫയാണ് ആധികാരികമായ അവലംബമായി ഉപയോഗിക്കുന്നത്. ഇബ്നു ഹജറുല്‍ ഹൈത്തമിയുടെ ശിഷ്യനായ സൈനുദ്ദീന്‍ മഖ്ദൂം എന്നിവര്‍ രചിച്ച ഫത്ഹുല്‍ മുഈനും വ്യാപകമായി ഉപയോഗിക്കുന്നുണ്ട്.

പ്രബലം അല്ലാത്ത അഭിപ്രായങ്ങള്‍ സ്വീകരിക്കല്‍
-അസ്വഹ്ഹും സ്വഹീഹും
ശാഫിഈ മദ്ഹബിലെ പ്രധാനപ്പെട്ട രണ്ട് സാങ്കേതിക പദങ്ങളാണ് അസ്വഹ്ഹും സ്വഹീഹും. വിവിധ പണ്ഡിതന്മാര്‍ക്ക് ഇതില്‍ വ്യത്യസ്ത സാങ്കേതികതകള്‍ ഉണ്ടെങ്കിലും പൊതുവായി എതിരഭിപ്രായത്തിന്‍റെ തെളിവ് ശക്തമായ അഭിപ്രായത്തെ അസ്വഹ് എന്നും എതിരഭിപ്രായത്തിന്‍റെ തെളിവ് ദുര്‍ബലം ആണെങ്കില്‍ സ്വഹീഹ് എന്നും പറയുന്നു.

സ്വീകരിക്കേണ്ട അഭിപ്രായങ്ങള്‍
സാധാരണ ഗതിയില്‍ മദ്ഹബില്‍ പ്രബലമായ അഭിപ്രായം അനുസരിച്ചാണ് ഒരു മുഖല്ലിദ് പ്രവര്‍ത്തിക്കേണ്ടത്. എത്രത്തോളമെന്നാല്‍ മര്‍ജൂഹ് ആയ അഭിപ്രായം കൊണ്ട് പ്രവര്‍ത്തിക്കല്‍ അനുവദനീയമല്ല എന്നാണ് റവുളയില്‍ ഇമാം നവവി (റ) പറഞ്ഞത്. എന്നാല്‍ പിന്‍ഗാമികളായ പണ്ഡിതന്മാര്‍ പ്രബലമല്ലാത്ത അഭിപ്രായം കൊണ്ട് നിരുപാധികം സ്വയം പ്രവര്‍ത്തിക്കാമെന്നും നിബന്ധനകളോട് കൂടി ഫത്വയും ഖളാഉം നല്‍കാമെന്നും അഭിപ്രായപ്പെട്ടിട്ടുണ്ട്. എന്നാല്‍ സ്വഹീഹിന്‍റെ എതിരഭിപ്രായം കൊണ്ട് പ്രവര്‍ത്തിക്കാന്‍ പാടില്ല. കാരണം അതില്‍ ഭൂരിഭാഗം സ്വീകാര്യയോഗ്യമല്ലാത്തതാണ്.

നിബന്ധനകള്‍
-പ്രബലം ഇല്ലാത്ത അഭിപ്രായം സ്വീകരിക്കുന്നതിന് ആവശ്യകതയുണ്ടാകണം
-സ്വീകാര്യയോഗ്യമായ രണ്ടാം അഭിപ്രായം ആയിരിക്കണം
-ഫത്വമാത്രമായി നല്‍കണം. പൊതുവായി പറയാന്‍ പാടില്ല. മദ്ഹബിലെ പ്രബലമായ അഭിപ്രായം ഇതല്ല എന്നും വ്യക്തമാക്കണം.
-പ്രബലമായ അഭിപ്രായം സ്വീകരിക്കുന്നതില്‍ വ്യക്തമായ ബുദ്ധിമുട്ടുണ്ടാകണം

മുസ്തഫ്തിയുടെ അവസ്ഥ പരിഗണിക്കല്‍
മുസ്തഫ്തിയുടെ അവസ്ഥ പരിഗണിച്ച് വ്യത്യസ്ത അഭിപ്രായങ്ങള്‍ ഫത്വ നല്‍കാവുന്നതാണ്. ഇളവില്ലാത്ത കാര്യങ്ങള്‍ അതേപടി പിന്‍പറ്റുന്നവര്‍ക്ക് അത് അനുസരിച്ചും ഇളവില്ലെങ്കില്‍ ദീനില്‍ നിന്നും തന്നെ പുറത്തു പോകാന്‍ സാധ്യതയുള്ളവര്‍ക്ക് റുഖ്സകള്‍ അനുസരിച്ചും ശറഅ്ന്‍റെ ചട്ടക്കൂടില്‍ നിന്ന് കൊണ്ട് ഫത്വ നല്‍കാവുന്നതാണ്

തതബ്ബുഉ റുഖസ്
റുഖ്സകള്‍ക്ക് വേണ്ടി പ്രബലം അല്ലാത്ത അഭിപ്രായങ്ങള്‍ സ്വീകരിക്കല്‍ അനുവദനീയമാണ്. എന്നാല്‍ ലഭ്യമായ എല്ലാ റുഖ്സകളും തേടിപ്പിടിച്ച് പിന്‍പറ്റുന്ന രീതി അനുവദനീയമല്ല. ഇതിനെ തതബ്ബുഉ റുഖസ് എന്ന് പറയുന്നു. ഇത് ഫിസ്ക്ക് ആണെന്ന് ഇബ്നു ഹജര്‍ തങ്ങള്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്.

മറ്റു മദ്ഹബുകള്‍ സ്വീകരിക്കല്‍
സ്വീകരിക്കപ്പെടുന്ന ഇസ്ലാമിക കര്‍മ്മശാസ്ത്ര മദ്ഹബുകള്‍ നാലെണ്ണമാണ്. ഈ നാല് മദ്ഹബുകളും ശരിയാണ് സ്വീകരിക്കപ്പെടേണ്ടതാണ്. മറ്റു മദ്ഹബുകളെ നിരസിക്കാനോ ആക്ഷേപിക്കാനോ അവ പിന്‍പറ്റുന്നവരെ മാറ്റിനിര്‍ത്തുവാനോ പാടില്ല. ഒരു മദ്ഹബിന്‍റെ പേരിലും വിഭാഗീയത പാടില്ല. മുന്‍ കഴിഞ്ഞ പണ്ഡിതന്മാര്‍ ഒന്നും അപ്രകാരം ചെയ്തിട്ടില്ല അത് ചെയ്യാനും പാടില്ല. മുജ്തഹിദല്ലാത്ത വ്യക്തിക്ക് ക്രോഡീകരിക്കപ്പെട്ട നാലാലൊരു മദ്ഹബ് സ്വീകരിക്കാല്‍ നിര്‍ബന്ധമാണ്. ഇത്തരത്തില്‍ ഒരു മദ്ഹബ് സ്വീകരിച്ച വ്യക്തിക്ക് പൂര്‍ണമായി മറ്റു മൂന്നു മദ്ഹബുകളിലേക്കോ ചില പ്രത്യേക കര്‍മ്മങ്ങളില്‍ ക്രോഡീകരിക്കപ്പെട്ട മദ്ഹബുകളിലേക്കോ പ്രസ്തുത കര്‍മ്മത്തില്‍ സനദും ശര്‍ത്തുകളും അറിയപ്പെട്ട ക്രോഡീകരിക്കപ്പെട്ടതല്ലാത്ത മദ്ഹബുകളിലേക്കോ നിബന്ധനകളോടു കൂടി മാറാവുന്നതാണ്.

നിബന്ധനകള്‍
-സ്വീകരിക്കുന്ന മദ്ഹബിലെ നിബന്ധനകളും നിയമങ്ങളും മനസ്സിലാക്കുക
-ക്രോഡീകരിക്കപ്പെടാത്ത മദ്ഹബുകള്‍ ആണെങ്കില്‍ സനദ് വ്യക്തമാക്കുക
-ഒരു കര്‍മ്മവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളിലും ഒരു മദ്ഹബ് തന്നെ സ്വീകരിക്കുക.
-തല്‍ഫീഖുല്‍ മദാഹിബ് ഉണ്ടാവാന്‍ പാടില്ല

വുളൂഉം നിസ്കാരവും ഒരേ മദ്ഹബ് അനുസരിച്ച് ആകണോ?
ഇബ്നു ഹജര്‍ തങ്ങള്‍ തന്‍റെ ഫതാവയില്‍ ഹനഫി മദ്ഹബ് അനുസരിച്ചും നിസ്കരിക്കുന്നവന്‍ വുളൂഇല്‍ തലയുടെ മൂന്നില്‍ ഒന്ന് ഭാഗം തടവണം എന്ന് പറഞ്ഞിട്ടുണ്ട്. അതായത് നിസ്ക്കാരവും വുളുവും ഒരേ മദ്ഹബ് പ്രകാരം ആയിരിക്കണം. കാരണം നിസ്കാരത്തിന്‍റെ വസ്വീലയാണ് വുളൂഅ് എന്നാണ് അദ്ദേഹത്തിന്‍റെ അഭിപ്രായം. എന്നാല്‍ ഇബ്നു സിയാദ് (റ) തന്‍റെ ഫത്വയില്‍ നിസ്കാരവും വുളൂവും രണ്ട് കാര്യങ്ങളാണ് എന്നാണ് അഭിപ്രായപ്പെട്ടിട്ടുള്ളത്. അതിനാല്‍ തന്നെ ശാഫിഈ മദ്ഹബ് അനുസരിച്ച് തലയുടെ അല്പം മാത്രം തടവിയും ഹനഫി മദ്ഹബ് അനുസരിച്ച് ഖിബിലയുടെ ഭാഗത്തേക്ക് മാത്രം തിരിഞ്ഞും നിസ്കരിക്കാവുന്നതാണ്. എന്നാല്‍ ശാഫിഈ മദ്ഹബ് അനുസരിച്ച് തല അല്പം തടവുകയും ഹനഫി മദ്ഹബ് പ്രകാരം അന്യസ്ത്രീയെ സ്പര്‍ശിച്ചതിനു ശേഷവും നിസ്കരിച്ചാല്‍ നിസ്കാരം സ്വഹീഹ് ആകില്ല. ഇതാണ് മേല്‍ പരാമര്‍ശിക്കപ്പെട്ട നിബന്ധനയുടെ ഉദ്ദേശം.

തല്‍ഫീഖുല്‍ മദാഹിബ്
ഒരു വിഷയത്തിലുള്ള വ്യത്യസ്ത മദ്ഹബുകളിലെ അഭിപ്രായങ്ങള്‍ യോജിപ്പിച്ചും പുതിയൊരു അഭിപ്രായമുണ്ടാക്കലാണ് തല്‍ഫീഖുല്‍ മദാഹിബ്. ഇബ്നു സിയാദ് എന്നവരെ ഉദ്ധരിച്ച് മുമ്പ് പരാമര്‍ശിക്കപ്പെട്ട വിഷയം തല്‍ഫീഖുല്‍ മദാഹിബിന് ഉദാഹരണമാണ്. അതുപോലെ നിക്കാഹിന്‍റെ വിഷയത്തില്‍ വലിയ്യ് ആവശ്യമില്ല എന്ന് പറയുന്ന ഹനഫി മദ്ഹബും സാക്ഷികള്‍ ആവശ്യമില്ല എന്ന് പറയുന്ന മാലികി മദ്ഹബും കൂട്ടിക്കലര്‍ത്തി വലിയ്യും സാക്ഷികളും ഇല്ലാതെ നിക്കാഹ് നടത്താമെന്ന് ള്വാഹിരിയാക്കളുടെ അഭിപ്രായം ഇതിന് മറ്റൊരു ഉദാഹരണമാണ്.

References

Leave a Reply

Discover more from The Campus Journal

Subscribe now to keep reading and get access to the full archive.

Continue reading