ബാല്യകാല ട്രോമയും ഭാവികാല പ്രത്യാഘാതങ്ങളും

തെളിഞ്ഞൊരു കാലാവസ്ഥയിൽ പ്രശാന്ത സുന്ദരമായ തടാകം വളരെ ഹൃദ്യമായ ഒരു കാഴ്ചയാണ്. കണ്ണാടി പോലെയുള്ള വെള്ളത്തിൽ മത്സ്യങ്ങളും ചെറു ജീവികളും നീന്തിത്തുടിക്കും. അതിൽ നിന്ന് പാനം ചെയ്യുന്ന കിളികളും മൃഗാദികളും പൂർണ ആരോഗ്യവാന്മാരായി തീരും. ഇങ്ങനെയുള്ള ആ തടാകം നാടിനും സർവ്വ ജീവജാലങ്ങൾക്കും അനുഗ്രഹമാണെന്നതിൽ യാതൊരു സംശയവുമില്ല. എന്നാൽ ആരാലും പരിചരിക്കപ്പെടാത്ത കെട്ടിക്കിടക്കുന്ന ഒരു തടാകത്തിന്റെ അവസ്ഥ നിങ്ങൾ പരിശോധിക്കുക. ചപ്പുചവറകളാൽ മലിനമായി കിടക്കുന്ന ആ തടാകത്തിൽ നിന്നും വെള്ളം കുടിക്കാൻ മൃഗങ്ങൾ പോലും താൽപര്യം കാണിക്കുകയില്ല. മാത്രമല്ല ഒരു വ്യക്തിക്ക് രോഗിയാവാൻ അതിലെ ഒരു സ്പർശനം തന്നെ ധാരാളമാണ്. വളർന്നുവരുന്ന ഓരോ മനുഷ്യന്റെയും മനസ്സ് ഇപ്രകാരമാണ് രൂപപ്പെടുന്നത്. നല്ല സ്നേഹവും കരുതലും പരിചരണവുമുള്ള ചുറ്റുപാടിൽ വളരുന്ന വ്യക്തി വളരെ ആരോഗ്യവാനായിരിക്കും. എന്നാൽ നിർഗുണമായ അന്തരീക്ഷത്തിൽ വളരുന്നവരാകട്ടെ നമുക്ക് സങ്കൽപ്പിക്കാവുന്നതിലും എത്രയോ വലിയ വൈകല്യങ്ങളുള്ള മനസ്സിന് ഉടമകളായിരിക്കും.

മോശമായ ഗൃഹാന്തരീക്ഷം, ലൈംഗികാതിക്രമം, പോണോഗ്രഫി, ലഹരി വസ്തുക്കളുടെ ഉപയോഗം, അഡിക്ഷനുകൾ തുടങ്ങി മനുഷ്യ മനസ്സിനെ വികലമാക്കാൻ കഴിയുന്ന ഒരുപാട് കാര്യങ്ങൾ നമുക്ക് മുന്നിലുണ്ട്. ഇവയുടെ ഇരയാവുന്നവർക്ക് കൃത്യമായ പരിചരണം ലഭിച്ചിട്ടില്ലെങ്കിൽ സാമൂഹിക-കുടുംബ ജീവിതത്തിൽ നേരിടാൻ പോകുന്ന വെല്ലുവിളികൾ അതീവ ഗുരുതരമായിരിക്കും.

1990ൽ HBO പുറത്തിറക്കിയ ആറര വയസ്സുള്ള ബെറ്റ് തോമസ് എന്ന കുട്ടിയുടെ “ചൈൽഡ് ഓഫ് റേജ്“എന്ന ഡോക്യുമെന്ററി പ്രേക്ഷകലോകത്ത് വലിയ കോളിളക്കങ്ങളാണ് സൃഷ്ടിച്ചത്. ചെറുപ്രായത്തിൽ തന്നെ വളർത്തച്ഛനിൽ നിന്ന് ലൈംഗികാതിക്രമം നേരിടേണ്ടി വന്ന  ഒരു ആറര വയസ്സുകാരി എങ്ങനെയാണ് ഒരു മനോരോഗിയായി മാറിയതെന്ന് സംഭാഷണ സഹിതം വളരെ വ്യക്തമായി അവതരിപ്പിക്കുന്നുണ്ട്. കൊച്ചനുജന്റെ ശരീരത്തിൽ മുട്ടുസൂചി കയറ്റി കൊല്ലാൻ ആ കുട്ടിയുടെ മനസ്സിനെ പരുവപ്പെടുത്തിയത് അടിസ്ഥാനമായി ഒരു മനുഷ്യന് ലഭിക്കേണ്ട പാരന്റിങിൻ്റെ കുറവും നേരിടേണ്ടി വന്ന ലൈംഗികാതിക്രമങ്ങളുമായിരുന്നു. ടെഡ് ബണ്ടി, ജോൺ വായ്ൻ ഗേസി, ഗാറി റിഡ്‌ജ്വേയ് എന്നീ സീരിയൽ കില്ലർമാരുടെയും അവസ്ഥ സമാനമായിരുന്നു. രക്ഷിതാക്കളിൽ നിന്നുള്ള അസഹ്യമായ പെരുമാറ്റവും ടോർച്ചറിങ്ങും കുട്ടികളിൽ വൈകാരികമായ തകർച്ചകൾ ഉണ്ടാക്കുന്നു. ഇത് അവരുടെ ഭാവിജീവിതത്തിൽ നിഴൽ പോലെ അള്ളിപ്പിടിച്ച് അവരെ വ്രണപ്പെടുത്തുന്ന ഒന്നായി പരിണമിക്കുന്നതിൽ അത്ഭുതപ്പെടാനില്ല.

സ്നേഹവും കരുതലും മുഖേന പാകപ്പെട്ടുവരുന്ന കൊച്ചുകുട്ടികളുടെ മനസ്സിന്റെ സങ്കൽപ്പങ്ങൾക്ക് ഒതുങ്ങാത്ത കാര്യങ്ങളാണ് ലൈംഗികാതിക്രമങ്ങൾ. ലോകത്ത് സംഭവിക്കുന്ന 95% ബാലപീഡനങ്ങളിലും പ്രതികളാകുന്നത് അടുത്ത കുടുംബക്കാരും വളരെ പരിചിതരായ വ്യക്തികളുമാണ്. ഇന്ന് ജീവിച്ചിരിക്കുന്നതിൽ മഹാഭൂരിപക്ഷവും 18 വയസ്സാവുന്നതിനു മുന്നേ ഒരു തവണയെങ്കിലും ലൈംഗിക ചൂഷണത്തിന് ഇരയായിട്ടുണ്ടന്ന റിപ്പോർട്ടുകൾ നമ്മൾ ജീവിക്കുന്ന ലോകം മാനസിക വൈകല്യങ്ങളുള്ളവരാൽ നിറക്കപ്പെട്ടതാണെന്ന് വ്യക്തമാക്കുന്നു. മനുഷ്യനെ ഇത്തരത്തിൽ നികൃഷ്ട ജീവികളായി മാറ്റുന്നത് എന്തായിരിക്കും?സമൂഹത്തിൽ വിശുദ്ധ ജീവിതം നയിക്കുന്നവരെന്ന് കരുതുപ്പെടുന്ന വിഭാഗമാ ണ് പുരോഹിതന്മാരും മതപണ്ഡിതന്മാരും. ഇത്തരം സാമൂഹിക തിന്മകളെ ചെറുത്തുനിൽക്കാൻ പാകപ്പെട്ട മനസ്സുകളെ വാർത്തെടുക്കാൻ ചുമതലയുള്ള ഇവരുടെ അവസ്ഥ ഇതിലും ഭയാനകമാണ്. ഇന്ന് പോക്സോ കേസുകളിൽ നല്ലൊരു പങ്ക് പ്രതികളാകുന്നത് അധ്യാപകരും മത മേലധികാരികളുമാണെന്നത് ഒരു നഗ്ന സത്യമാണ്. ധാർമികതയുടെ അപ്പോസ്തലന്മാരായ ഇവർ ഇത്തരം നികൃഷ്ട മനസ്സിന് ഉടമകളാണെങ്കിൽ ബാക്കിയുള്ളവരുടെ അവസ്ഥ പറയേണ്ടതില്ലല്ലോ.

2002ലാണ് അമേരിക്കയിലെ ബോസ്റ്റൺഗ്ലോബ് എന്ന പത്ര മേധാവികൾ അവിടെയുള്ള ചർച്ചിൽ നടന്ന ബാലപീഡനങ്ങളുടെ ഞെട്ടിക്കുന്ന വാർത്തകൾ പുറത്തു കൊണ്ടുവന്നത്. “Spotlight” എന്ന പേരിൽ അറിയപ്പെടുന്ന നാല് മുഴുസമയ പത്രപ്രവർത്തകർ കാതോലിക് സഭയുടെ അറിവോടെ നടന്ന ബാലപീഡനങ്ങൾ മറച്ചുവെക്കാൻ സഭ കാണിച്ച വ്യഗ്രത ജനങ്ങൾക്ക് മുമ്പിൽ തുറന്നു കാട്ടി. 30 വർഷത്തിനിടെ 150 ൽ പരം കുട്ടികളെ ലൈംഗികാതിക്രമങ്ങൾക്ക് ഇരയാക്കിയ പാതിരിയിൽ തുടങ്ങിയ അന്വേഷണം അവസാനിക്കുമ്പോൾ 250ലധികം അച്ഛന്മാരാണ് ബോസ്റ്റൺ പ്രദേശത്ത് മാത്രം പിടിയിലായത്. അവിടെ നിന്ന് ഈ വിവാദം അമേരിക്കയുടനീളം കത്തിപ്പടരുകയും പിന്നീട് ലോകത്തിൻ്റെ പല ഭാഗങ്ങളിലുള്ള കാത്തോലിക്ക് സഭകളെ മുൾ മുനയിൽ നിർത്തുകയും ചെയതു. അനേകായിരം പാതിരിമാരാണ് തുടർന്ന് നിയമനടപടികൾക്ക് വിധേയരായത്. മാനനഷ്ടം ആലോചിച്ച് റിപ്പോർട്ട് ചെയ്യപ്പെടാത്ത കേസുകൾ ഇതിലും എത്രയോ മടങ്ങാണ് ഉണ്ടാവുക.


ഇതിനിടെ നമ്മൾ മനസ്സിലാക്കേണ്ട മറ്റൊരു വസ്തുത ഇരകളായ കുട്ടികളത്രയും പിൽകാലത്ത് മാനസിക വിഭ്രാന്തിക്കും വിഷാദത്തിനും മറ്റ് അനവധി രോഗങ്ങൾക്കും അടിമകളാവുന്നു എന്നതാണ്. വേലി തന്നെ വിള തിന്നുന്നത് മൂലം വിശ്വസ്ഥതയുള്ള ബന്ധങ്ങൾ നിലനിർത്താൻ കഴിയാത്ത അന്തർമുഖരായ ഒരു വലിയ ജനസംഖ്യയായി ഭൂമിയിലെ മനുഷ്യർ അധപതിച്ചിരിക്കുകയാണ്. ദാമ്പത്യ ജീവിതത്തിൽ മുറിപ്പാടാവുന്ന പഴയ അനുഭവങ്ങളുടെ ഫ്ലാഷ് ബാക്കുകൾ, വിഷാദം, പോസ്‌റ്റ് ട്രൂമാറ്റിക് സ്ട്രെസ് ഡിസോർഡർ(PTSD), ലഹരിപദാർത്ഥങ്ങളുടെ ഉപയോഗം, പാനിക് അറ്റാക്ക്, ആത്മഹത്യ, സ്വയം മുറിപ്പെടുത്തൽ തുടങ്ങി ഇരകളനുഭവിക്കുന്ന ഭവിഷ്യത്തുകൾ സങ്കല്പാദിതമാണ്. വൈഭവമുള്ള മനശാസ്ത്രജ്ഞരുടെ സഹായം കൂടാതെ ഇവർക്ക് സാധാരണ ജീവിതത്തിലേക്ക് മടങ്ങിവരൽ അസാധ്യമാണെന്നതിൽ സംശയമില്ല.

ഇന്ന് വളർന്നുവരുന്ന തലമുറയിലെ കുട്ടികൾ ഭൂരിഭാഗവും അന്തർമുഖരായ ആളുകളാണ്. സാമൂഹികജീവിതം അന്യമായി ഒരു മുറിക്കുള്ളിലെ കമ്പ്യൂട്ടറിന് മുന്നിൽ അനന്തമായി ചടഞ്ഞിരിക്കുന്ന നമ്മുടെ കുട്ടികൾ അനിയന്ത്രിതമായി ഡൊപമൈൻ ഉത്പാദിപ്പിക്കുന്ന കേവല മെഷീനുകൾ മാത്രമായി മാറിയിരിക്കുകയാണ്. സ്നേഹപരിലാളനകളാൽ സമ്പുഷ്ട മാവേണ്ടിയിരുന്ന ബാല്യകാലം ഒരടി ചതുരക്കട്ടയിലെ നീല പ്രകാശത്തിന് മാത്രം സ്വാന്തനിപ്പക്കാൻ കഴിയുന്ന ഒന്നായിമാറിയതിൽ മാതാപിതാക്കളുടെ നിഷ്ക്രിയത്വവും രക്ഷാകർത്വത്തിന്റെ ബോധമില്ലായ്മയും വലിയൊരു പങ്ക് വഹിക്കുന്നുണ്ട്. അതിലുപരി പെരുകി വരുന്ന ഗാർഹിക പീഡനങ്ങളുടെ കണക്കും ആധുനികയുഗത്തിലെ കുടുംബ സങ്കല്പത്തെ പൂന്തോട്ടത്തിൽ നിന്ന് ശ്മശാനത്തിലേക്ക് എത്തിച്ചിരിക്കുന്നു. കുട്ടികളെ പരിചരിക്കുന്നതിൽ മാതാപിതാക്കൾ അശ്രദ്ധരാകുമ്പോൾ വൈകല്യങ്ങൾ നിറഞ്ഞ ഇന്റർനെറ്റ് ലോകത്തിലേക്ക് അനുഭവസമ്പത്ത് കൂടാതെ അവർ നടന്നടുക്കുകയാണ് ചെയ്യുന്നത്.

പീഡകരും ചൂഷണ വിദഗ്‌ധരും പതിയിരിക്കുന്ന ഇന്റർനെറ്റിന്റെ മായാലോകത്ത് കുട്ടികൾ നിഷ്കളങ്കമായി അവരോട് ചങ്ങാത്തത്തിലാകുന്നു. സൈബർ ബുള്ളിയിങ് വഴി ആത്മഹത്യ ചെയ്ത കാനഡയിലെ 15 വയസ്സുകാരി അമാന്റ ടോഡിനെ പോലെ പലരും സഹായം എത്തുന്നതിന് മുമ്പേ ജീവിതം അവസാനിപ്പിക്കുന്ന അവസ്ഥ ഭയാനകരമാണ്. ഇന്റർനെറ്റ് ഡിവൈസുകളുടെ ഉപയോഗം കുട്ടികളിൽ ചിന്തകളുടെ മരവിപ്പും ഭീരുത്വവും വർധിപ്പിക്കുന്നു എന്നതിൽ സംശയമില്ല. ആരെയും ഭയം കൂടാതെ അഭിമുഖീകരിക്കാനുള്ള ധൈര്യംകൂടി അവർ കൈവരിക്കുന്നില്ല. വളർന്നു വരുമ്പോൾ ജീവിതത്തിൽ നേരിടേണ്ടി വരുന്ന പല വെല്ലുവിളികളിലും ഒരു പുൽക്കൊടിയുടെ കരുത്ത് പോലും കാണിക്കാൻ കഴിയാതെ തോറ്റു കൊടുക്കേണ്ടി വരുന്നത് അതുകൊണ്ടാണ്. അതിനു പുറമേ ഗോൾഡ് ഫിഷ് സിൻഡ്രോം പോലെയുള്ള വൈകല്യങ്ങളും പുതിയ തലമുറയിൽ അനിതര സാധാരണമായി മാറിയിരിക്കുന്നു. എന്നാൽ ഇതിനൊന്നും പരിഹാരം കാണാതെ ഓരോ വ്യക്തികളുടെയും ജീവിതത്തെ ഹനിക്കുന്ന രീതിയിലാണ് ഇന്ന് രക്ഷിതാക്കളും ഗവൺമെന്റും പ്രവർത്തിച്ചുകൊണ്ടിരിക്കുന്നത്. 2023 sep 13ന് വന്ന കേരള ഹൈക്കോടതിയുടെ വിധി ഇതിലേക്കാണ് വിരൽ ചൂണ്ടുന്നത്. സ്വകാര്യമായി പോണോഗ്രഫി കാണുന്നത് ഒരു കുറ്റമായി പരിഗണിക്കേണ്ടതില്ല എന്നാണ് കോടതി വിധിച്ചത്. എന്നാൽ ഇതേ പോണോഗ്രഫി തന്നെയാണ് ഒരാളെ പീഡകനായി വളർത്തിയെടുക്കുന്നത് എന്ന് കോടതി മനസ്സിലാക്കുന്നില്ല.

2020ൽ National Medical Journal Of India കർണാടകയിലെ യൂണിവേഴ്സിറ്റി വിദ്യാർത്ഥികൾക്കിടയിൽ നടത്തിയ സർവ്വേയിൽ ഒരു കുട്ടി ആഴ്ചയിൽ കുറഞ്ഞത് 5 മണിക്കൂറെങ്കിലും പോണോഗ്രഫി കാണാൻ സമയം ചെലവഴിക്കുന്നുണ്ടെന്നാണ് വ്യക്തമായത്. മാത്രമല്ല ഇതിൽ 70% കുട്ടികളും ആഴ്ചയിൽ 3 തവണയെങ്കിലും റേപ് കേറ്റഗറിയിൽ പെടുന്ന വീഡിയോസ് കാണാറുണ്ടെന്നും സമ്മതിക്കുന്നു. സർവേയിലെ ഏറ്റവും ഞെട്ടിക്കുന്ന വിവരം ഈ വിദ്യാർത്ഥികൾ അവസരം ലഭിച്ചാൽ പീഡിപ്പിക്കാനുള്ള സാധ്യത വലിയ ശതമാനമായിരുന്നു എന്നതാണ്. ഇത്തരത്തിൽ മാനസിക വൈകല്യങ്ങൾ സൃഷ്ടിക്കുന്ന പോണോഗ്രഫിയാണ് വളരെ ലാഘവത്തോടെ നിയമകോടതി അംഗീകാരം നൽകിയത്.

INSCEST, CHILD PORN, RAPE വയെല്ലാം ഇന്ന് പോൺ സൈറ്റുകളിൽ ലഭ്യമായ കാറ്റഗറികളാണ്. ഇവയൊക്കെ ഒരു മനുഷ്യനെ മൃഗത്തോട് പോലും തുലനം ചെയ്യാൻ കഴിയാത്ത വിധം താഴ്ത്തികെട്ടുകയാണ് ചെയ്യുന്നത്. ഇവയെല്ലാം പതിവാക്കിയ ഒരു വ്യക്തിക്ക് പിന്നീട് എതിർലിംഗത്തെ ഒരു സാധാരണ മനസ്സോട് കൂടി കാണാൻ സാധിക്കില്ല. പോൺ വീഡിയോസ് കണ്ടു ശീലിച്ച ഒരു പുരുഷൻ സ്ത്രീയെ സ്വപ്നങ്ങളും സാധാരണ വിചാരങ്ങളുമുള്ള ഒരു ജീവനായി സമീപിക്കുകയില്ല എന്നതാണ് യാഥാർത്ഥ്യം. തൻ്റെ ലൈംഗിക ദാഹം തീർക്കാനുള്ള കേവല ഉപകരണത്തിനപ്പുറം വേറൊന്നും അവളിൽ കാണാനുള്ള കഴിവ് അവനിൽ അവശേഷിക്കുകയില്ലെന്ന് പ്രശസ്ത ആന്റി പോൺ ആക്‌ടിവിസ്‌റ്റ് റാണ് ഗവരെല്ലി വ്യക്തമാക്കുന്നു. സ്നേഹത്തിന്റെയും പരസ്പര പരിഗണനയുടെയും ചില കൊടുക്കൽ വാങ്ങലുകളായ ദാമ്പത്യജീവിതം, ഒരു പോണോഗ്രഫി അഡിക്റ്റിന് അർദ്ധ നിമിഷത്തെ സുഖം പോലും നൽകുന്ന ഒന്നായി തോന്നുകയില്ല.


കാഴ്ചയിലൂടെ സംഭവിക്കുന്ന വലിയ ഡോപമൈൻ പൊട്ടിത്തെറികളിലൂടെ മാത്രമെ ഒരു അഡിക്റ്റിന് സംതൃപ്തി കണ്ടെത്താൻ കഴിയുകയുള്ളൂ എന്ന യാഥാർത്ഥ്യം ഒരു മനുഷ്യ ജീവന്റെ എത്രയോ വിലപ്പെട്ട മൂല്യങ്ങളെയാണ് അശ്രദ്ധ മൂലം നഷ്ടപ്പെടുത്തുന്നതെന്ന് നമ്മെ ബോധ്യപ്പെടുത്തുന്നു.

ജീവിതത്തിലെ യഥാർത്ഥ സുഖങ്ങൾ അനുഭവിക്കാൻ കഴിയാതെ വരുമ്പോൾ നമ്മൾ കൃത്രിമമായ സന്തോഷങ്ങൾ തേടിയിറങ്ങുന്നു. എല്ലാറ്റിനും പരിഹാരം എന്ന നിലയിലാണ് പലതരത്തിലുള്ള ലഹരിപദാർത്ഥങ്ങൾ ഇന്ന് നമ്മുടെ സർക്കിളുകളിൽ ലഭ്യമായിരിക്കുന്നത്. അതിന്റെ ആദ്യ അനുഭവങ്ങൾ നൽകുന്ന തൃപ്തി ഒരാളെ ലഹരിപദാർത്ഥങ്ങൾക്ക് അടിമയാക്കും എന്നതിൽ സംശയമില്ല. ബാക്കിയുള്ള സാമൂഹിക വിപത്തുകൾ പോലെ ദീർഘകാല അടിസ്ഥാനത്തിലാവില്ല മയക്കുമരുന്നുകൾക് അധീനപ്പെടുന്നത്. വളരെ പെട്ടെന്ന് സംഭവിക്കുന്ന ഒരു കാര്യമാണത്. ഇവയുടെ ലഭ്യതയും സ്വാധീനവും സ്കൂൾ വിദ്യാർത്ഥികളിൽ പോലും വലിയൊരു അളവ് കാണാൻ കഴിയും. പോണോഗ്രഫി പോലെ തന്നെ വലിയ ഇൻഡസ്ട്രിയൽ സംവിധാനമാണ് മയക്കുമരുന്നുകൾക്കും ഉള്ളത്. കോർപ്പറേറ്റുകളുടെ താൽപര്യം ബോധപൂർവ്വം പോണോഗ്രഫി അഡിക്റ്റകളിൽ കുത്തിവയ്ക്കുന്നതുപോലെ മയക്കുമരുന്ന് മാഫിയകളുടെ കൈകളിലെ വെറും കളിപ്പാട്ടങ്ങൾ മാത്രമായി അതിൻ്റെ ഉപഭോക്താക്കൾ മാറുന്നു.

പരസ്യങ്ങളിൽ തുടങ്ങി പോണോഗ്രാഫിയിൽ അവസാനിക്കുന്ന സ്ത്രീകളുടെ ഒബ്ജെക്ടിഫിക്കേഷനും, മിഠായി കവറുകളിലായി സ്‌കൂളുകളിൽ വിതരണം ചെയ്യപ്പെടുന്ന കുറഞ്ഞ ലഹരിയിൽ നിന്ന് MDM, ഹെറോയിൻ, മെത്ത്, കഞ്ചാവ് എന്നിവയിൽ എത്തിനിൽക്കുന്ന ഭീകരതയുടെ കൊടുമുടിയും ഇന്നത്തെ വിദ്യാർത്ഥി സമൂഹത്തിന്റെ ഭാവിയെ വളരെ വലിയ തോതിൽ വികൃതമാക്കിതീർക്കുന്നു. കൃത്യമായ നിരീക്ഷണ ശിക്ഷണങ്ങളിലൂടെ മാത്രമേ ഇനി സാധാരണ ജീവിതമെന്നത് സാക്ഷാത്‌കരിക്കപ്പെടുകയുള്ളൂ. അതിനു വേണ്ട സംവിധാനങ്ങൾ ഒരുക്കാൻ ഗവൺമെൻ്ററുകളോ നിരീക്ഷിക്കാൻ സമൂഹമോ തയ്യാറാവുന്നില്ല എന്നതും മറ്റൊരു ദുഃഖകരമായ യാഥാർത്ഥ്യമാണ്.

Leave a Reply

Discover more from The Campus Journal

Subscribe now to keep reading and get access to the full archive.

Continue reading