2024 ആഗസ്റ്റ് 8ന് പാർലമെന്റിൽ അവതരിപ്പിക്കപ്പെട്ട വഖഫ് ഭേദഗതി ബിൽ വഴി ഇന്ത്യൻ രാഷ്ട്രീയത്തിൽ ഉയർന്നുവന്ന ചർച്ചകളും സംവാദങ്ങളും തുടരുകയാണ്. മുനമ്പം ഭൂമിയുമായി ബന്ധപ്പെട്ട തർക്കത്തിൻ്റെ പശ്ചാതലത്തിൽ കേരളത്തിൽ ഈ ബില്ല് കൂടുതൽ ചർച്ചാവിഷയമാണ്. എന്താണ് വഖഫ് എന്നതിൽ തുടങ്ങി എന്തുകൊണ്ടാണ് ഈ ഭേദഗതി ബിൽ വാദപ്രതിവാദങ്ങൾക്ക് വിധേയമാകുന്നത് എന്നത് വരെ നീളുന്ന അസംഖ്യം ചോദ്യങ്ങൾ സമൂഹത്തിൽ നിലനിൽക്കുന്നുണ്ട്.
‘വഖഫ്’ എന്ന വാക്കിന്റെ മലയാള ഭാഷാർത്ഥം ‘തടഞ്ഞു നിർത്തുക’ എന്നതാണ്. ഇസ്‌ലാമിക കർമശാസ്ത്രത്തിൽ ഇത് അർത്ഥമാക്കുന്നത് തനിക്ക് കൈവശാധികാരമുള്ള വസ്തു മറ്റുള്ളവർക്ക് ഉപകാരമെടുക്കാൻ കഴിയുന്ന രീതിയിൽ അല്ലാഹുവിൻ്റെ മാർഗത്തിൽ അവൻ്റെ പ്രീതി കാംക്ഷിച്ചുകൊണ്ട് ദാനം നൽകുക എന്നാണ്. കാരുണ്യപരവും വിദ്യാഭ്യാസപരവും മതപരവുമായ ലക്ഷ്യനിർവഹണത്തിനാണ് വഖഫ് പ്രധാനമായും ഉപയോഗപ്പെടുത്താറുള്ളത്. ഒരു വസ്തു വഖഫ് ചെയ്യപ്പെട്ടാൽ പിന്നീട് അത് കൈമാറ്റം ചെയ്യാനോ അനന്തരം നൽകാനോ കഴിയില്ല, വഖഫായി തന്നെ നിലനിൽക്കും. അല്ലാഹുവിന് സമർപ്പിക്കപ്പെട്ട വസ്തു അവന്റേതു മാത്രമായി അവശേഷിക്കും. ഇങ്ങനെ വഖ്ഫ് ചെയ്യപ്പെട്ട വസ്തുവിന്റെ മേൽനോട്ടാധികാരം അത് ഏൽപ്പിക്കപ്പെടുന്നവർക്ക് (മുതവല്ലി) ആയിരിക്കും.
വിശുദ്ധ ഖുർആനിലും നബിചര്യയിലും ദാന ധർമ്മങ്ങളുടെ മാഹാത്മ്യം ധാരാളമായി കാണാൻ സാധിക്കും. സാമ്പത്തിക അസമത്വങ്ങൾ കൂടുതലായി നിലനിന്നിരുന്ന ഒരു ലോകത്ത്, സാമൂഹിക ക്ഷേമവും സുസ്ഥിര വികസനവും പ്രോത്സാഹിപ്പിക്കുന്നതിനുള്ള കാലാതീതവും ഫലപ്രദവുമായ ഒരു സംവിധാനമായി വഖഫിനെ കണക്കാക്കേണ്ടതുണ്ട്. നീതിയുടെയും കൂട്ടായ ക്ഷേമത്തിൻ്റെയും തത്ത്വങ്ങളിൽ വേരൂന്നിയ വഖഫ് സ്വത്തുകൾ, അത് ഭൂമിയോ നിക്ഷേപമോ ആകട്ടെ- സമൂഹത്തിൻ്റെ ശാശ്വതമായ നേട്ടത്തിനായി വിനിയോഗിക്കപ്പെടുന്നു. ചരിത്രപരമായി വിദ്യാഭ്യാസം, ആരോഗ്യ സംരക്ഷണം, അടിസ്ഥാന സൗകര്യങ്ങൾ തുടങ്ങിയ അവശ്യ സേവനങ്ങൾക്ക് വഖഫ് ധനം സഹായകമായിട്ടുണ്ട്. കൂടാതെ ഇവ സമുദായത്തെ ഉയർത്തുകയും അസമത്വം അന്തരം എന്നിവ കുറയ്ക്കുകയും ചെയ്യുന്നു.
ഇസ്‌ലാമിക ചരിത്രത്തിൽ വ്യത്യസ്ത ആവശ്യങ്ങൾക്കായി വിശ്വാസികൾ വഖഫ് ചെയ്തിരുന്നതിന്റെ നിരവധി ഉദാഹരണങ്ങൾ കാണാൻ സാധിക്കുന്നതാണ്. ഉമർ(റ) തനിക്ക് യുദ്ധത്തിൽ ലഭിച്ച വസ്തു വഖഫ് ചെയ്തതാണ് വ്യവസ്ഥാപിതമായ ആദ്യ വഖഫായി കണക്കാക്കപ്പെടുന്നത്. പിന്നീട് നിരവധി സ്വഹാബിമാരും ഇപ്രകാരം വഖ്ഫുമായി മുന്നോട്ട് വന്നിട്ടുണ്ട്. ഇസ്‌ലാമിക വ്യാപനത്തിൻ്റെ ഫലമായി വ്യത്യസ്ത രാജ്യങ്ങളിൽ ഭരണപരവും മതപരവുമായ കൃത്യ നിർവഹണത്തിന് വേണ്ടി ആളുകൾ വഖഫ് ചെയ്തിരുന്നു. ഇന്ത്യയിലും ഈ രീതിയിൽ വഖഫ് സംവിധാനം നിലവിൽ വന്നു. മുഗൾ ഭരണ കാലത്ത് ആരാധനക്കും വിദ്യാഭ്യാസ പ്രവർത്തനത്തിനും ഭരണ നിർവ്വഹണത്തിനുമെല്ലാം വഖഫ് ചെയ്യപ്പെട്ട സ്വത്തുകൾ ഇന്ത്യയിലുണ്ട്.
ഇന്ത്യയിൽ, സാമൂഹിക-സാമ്പത്തിക അസമത്വങ്ങൾ പരിഹരിക്കുന്നതിനുള്ള ഒരു സംവിധാനമെന്ന നിലയിൽ വഖഫ് ഏറെ പ്രാധാന്യമർഹിക്കുന്നു. വിശിഷ്യാ, ജനസംഖ്യയുടെ 14.2 ശതമാനം വരുന്ന പാർശ്വവൽക്കരിക്കപ്പെട്ട മുസ്‌ലിം സമുദായത്തെ സംബന്ധിച്ചിടത്തോളം. സച്ചാർ കമ്മിറ്റി റിപ്പോർട്ട് അനുസരിച്ച്, ഇന്ത്യൻ മുസ്‌ലിംകൾ വിദ്യാഭ്യാസം, തൊഴിൽ, ക്ഷേമപദ്ധതികൾ എന്നിവയിൽ തടസ്സങ്ങൾ നേരിടുന്നവരാണ്. പലപ്പോഴും മതിയായ സൗകര്യങ്ങളില്ലാതെ അവർ ചേരികളിൽ താമസിക്കുന്നു. ഇവിടെ, വഖഫ് ആസ്തികൾക്ക് സാമുദായിക പുരോഗതിയിൽ വലിയ പങ്ക് വഹിക്കാനാകും. വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പുകൾ, ആരോഗ്യ സംരക്ഷണത്തിന് സബ്സീഡി സംരംഭകർക്ക് പലിശ രഹിത വായ്പ എന്നിവ നൽകുന്നതിന് വഖഫ് സ്വത്ത് വഴിയുള്ള വരുമാനം ഉപയോഗപ്പെടുത്താം. ഈ സുപ്രധാന ആവശ്യങ്ങൾ നിറവേറ്റുന്നതിലൂടെ, വ്യക്തികളെയും സമൂഹങ്ങളെയും ശാക്തീകരിക്കാനും അവരെ ദാരിദ്ര്യത്തിൽ നിന്ന് കര കയറ്റാനും വഖഫ് വഴി സാധിക്കും. കൂടെ വഖഫ് മാനേജ്മെൻ്റുമായി ബന്ധപ്പെട്ട സച്ചാർ കമ്മിറ്റിയുടെ ശുപാർശകൾ പുനഃപരിശോധിക്കുന്നതും ഗുണം ചെയ്യും.
ഇന്ത്യയിലെ വഖഫ് നിയമങ്ങൾ
മതേതര രാജ്യമായ ഇന്ത്യയിൽ എല്ലാ മതങ്ങൾക്കും അവരുടെ ആചാരങ്ങളും അനുഷ്ഠാനങ്ങളും നിർവഹിക്കുന്നതിനുള്ള സ്വാതന്ത്രം ഭരണഘടനയുടെ 26-ാം വകുപ്പ് ഉറപ്പു നൽകുന്നുണ്ട്. ഹിന്ദു സമുദായത്തിന് ദേവസ്വം ബോർഡും സിക്ക് സമുദായത്തിന് ഗുരുദ്വാര നടത്തിപ്പിനുള്ള പ്രത്യേക നിയമവും പോലെ മുസ്‌ലിം സമൂഹത്തിന് വഖ്ഫ് നിയമവും നിലവിലുണ്ട്. 1913ൽ ബ്രിട്ടീഷ് ഗവൺമെന്റ് ഇതിൽ ചില വ്യവസ്ഥകൾ മുന്നോട്ടു വെക്കുന്നുണ്ട്. 1923 ൽ മുസൽമാൻ വഖഫ് ആക്ട് നിലവിൽ വന്നു. ഇതിലൂടെ വഖഫിന്റെ കാര്യത്തിൽ ഒരു കേന്ദ്ര നിയന്ത്രണ സംവിധാനം ആരംഭം കുറിച്ചു. പിന്നീട് സ്വാതന്ത്രത്തിനുശേഷം 1954ൽ വഖ്ഫ് ആക്ട് നിലവിൽ വരികയും ഇതിൻ്റെ അടിസ്ഥാനത്തിൽ സംസ്ഥാനതലത്തിൽ വഖഫ് ബോർഡുകളുടെ രൂപീകരണവും കേന്ദ്രതലത്തിൽ സെൻട്രൽ വഖഫ് കൗൺസിൽ രൂപീകരണം വഴി വഖഫിൻ്റെ ഏകോപനവും നിയന്ത്രണവും സാധ്യമായി. പിന്നീട് 1995ൽ, മുമ്പുണ്ടായിരുന്ന വഖ്ഫ് നിയമത്തെ പരിഷ്കരിച്ച് പുതിയ നിയമം രൂപീകരിച്ചു. വഖഫിൻ്റെ സംരക്ഷണവും രജിസ്ട്രേഷനും ശക്തമാക്കി മത-സാമൂഹികപരമായ വികസനത്തിന് വഴിയൊരുക്കുകയും ചെയ്തു. 2013ൽ, ഈ നിയമത്തിൽ ഭേദഗതി വരുത്തി വഖഫ് കയ്യേറ്റത്തിന് ശക്തമായ ശിക്ഷ നടപ്പിൽ വരുത്തി. ഈ നിയമങ്ങളുടെ അടിസ്ഥാനത്തിലാണ് ഇന്ത്യയിൽ വഖഫുകൾ സംരക്ഷിച്ചു പോരുന്നത്.
ഇന്ത്യയിൽ നിലവിൽ 872,351 വഖഫ് പ്രോപ്പർട്ടികൾ 940,000 ഏക്കറിലധികം വിസ്തൃതിയിൽ വ്യാപിച്ചു കിടക്കുന്നു. ഈ പ്രോപ്പർട്ടികളുടെ ആകെ മൂല്യം ഏകദേശം ₹1.2 ട്രില്യൺ ($14.22 ബില്ല്യൺ) ആണ്. എന്നാൽ 58,889 വഖ്ഫ് പ്രോപ്പർട്ടികൾ അനധികൃതമായി കയ്യേറപ്പെട്ടിരിക്കുകയാണ്. കൂടാതെ, 13,000-ത്തിലധികം വഖഫ് പ്രോപ്പർട്ടികൾ കോടതികളിൽ തർക്കങ്ങളിലുമാണ്. ഇതിന് പുറമെ, 435,000 പ്രോപ്പർട്ടികളുടെ നില ഇപ്പോഴും വ്യക്തമല്ല. ഈ പ്രശ്നങ്ങൾ വഖഫ് പ്രോപ്പർട്ടികളുടെ ഭരണത്തിലും സംരക്ഷണത്തിലും വെല്ലുവിളികൾ സൃഷ്ടിക്കുന്നു. രാജ്യത്തിലെ 70% വഖഫ് ഭൂമിയും കയ്യേറ്റം ചെയ്യപ്പെട്ടിട്ടുണ്ട് എന്നതാണ് മുൻ കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രിയായ കെ റഹ്മാൻ ഖാൻ അഭിപ്രായപ്പെട്ടത്. മാത്രമല്ല, മുസ്‌ലിം ന്യൂനപക്ഷങ്ങളുടെ സാമൂഹിക പിന്നോക്കാവസ്ഥയെ കുറിച്ച് പഠിക്കാൻ നിയമിച്ച സച്ചാർ കമ്മിറ്റി റിപ്പോർട്ടിൽ പറയുന്നത് സർക്കാർ, സർക്കാരേതര സ്ഥാപനങ്ങൾ വഖഫ് ഭൂമികൾ കയ്യേറ്റം ചെയ്തിട്ടുണ്ട് എന്നാണ്. അവ ഏതൊക്കെ സ്ഥാപനങ്ങൾ എന്ന് കൃത്യമായി പറഞ്ഞു പോകുന്നുമുണ്ട്. വഖ്ഫ് കയ്യേറ്റം ചെയ്യപ്പെട്ട റിപ്പോർട്ടുകൾ നിലനിൽക്കുന്ന സാഹചര്യത്തിൽ തന്നെ കൂടുതൽ വഖഫ് സ്വത്ത് അപഹരിച്ചെടുക്കാനുള്ള ശ്രമഫലമായാണ് 2024 ഭേദഗതി ബിൽ മോദി സർക്കാർ അവതരിപ്പിച്ചിട്ടുള്ളത്.
വഖഫ് ഭേദഗതി ബിൽ 2024
1995ലെ വഖ്ഫ് നിയമത്തിലെ 44 വകുപ്പുകളില്‍ മാറ്റം വരുത്തുന്നതാണ് കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന പുതിയ ഭേദഗതി. ഇത് വഖഫ് ബോർഡുകളുടെ അധികാരപരിധിയും സ്വത്ത് വിനിയോഗവും നിയന്ത്രിക്കുന്നു. നിലവിലെ നിയമപ്രകാരം ഭൂമി ഉള്‍പ്പെടെയുള്ള സ്വത്തുകള്‍ വാക്കാൽ വഖഫ് ചെയ്യാം. എന്നാൽ പുതിയ ഭേഗഗതി അനുസരിച്ച് കൃത്യമായ രേഖകളുടെ അടിസ്ഥാനത്തില്‍ മാത്രമേ ഭൂമി വഖഫ് ചെയ്യാന്‍ കഴിയൂ. അല്ലാത്തപക്ഷം ഭാവിയിൽ തര്‍ക്കങ്ങളുണ്ടായാല്‍ മതിയായ തെളിവുണ്ടാകില്ല എന്നാണ് ഈ വ്യവസ്ഥയ്ക്ക് സര്‍ക്കാര്‍ നല്‍കുന്ന ന്യായീകരണം. നിലവിൽ മുസ്‌ലിംകൾക്കും അമുസ്‌ലിംകൾക്കും ഏതൊരു വസ്തുവും വഖഫ് ആക്കി മാറ്റാം. എന്നാൽ ഭേദഗതി പ്രകാരം ചുരുങ്ങിയത് 5 വർഷം ഇസ്‌ലാം മതം പിന്തുടരുന്നവർക്ക് മാത്രമാണ് വഖഫ് ചെയ്യാൻ സാധിക്കുക. കാലാകാലങ്ങളായി മതപരമോ ജീവകാരുണ്യപരമോ ആയ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്ന ഭൂമിയെ (വഖഫ് ബൈ യൂസർ) വഖഫ് ഭൂമിയായി പ്രഖ്യാപിക്കാന്‍ ഇപ്പോള്‍ കഴിയും. എന്നാല്‍ ഭേദഗതിയിലൂടെ ഈ രീതി റദ്ദാക്കപ്പെടും. ഈ ഭേദഗതി മൂലം പിൽക്കാല പ്രാബല്യത്തോടു കൂടിയുള്ള വഖഫുകൾ വഖഫ് അല്ലാതായി മാറും.
വഖഫ് ഭൂമി സർവ്വേ നടത്താന്‍ ഇപ്പോള്‍ സംസ്ഥാന സർക്കാരുകൾക്ക് സർവ്വേ കമ്മീഷണറെയും അസിസ്റ്റന്റ് കമ്മീഷണർമാരെയും നിയമിക്കാം. എന്നാൽ ഭേദഗതി പ്രകാരം അതത് ജില്ലാ കലക്ടർമാരാണ് സർവ്വേ നടത്തേണ്ടത്. ഏതെങ്കിലും വഖഫ് സ്വത്ത് സർക്കാർ വകയാണോ എന്ന് സംശയം ഉണ്ടായാൽ അന്വേഷിച്ച് തീരുമാനമെടുക്കേണ്ടതും കലക്ടറാണ്. അതായത് തര്‍ക്കങ്ങളില്‍ വഖഫ് ട്രൈബ്യൂണലിന് പകരം കലക്ടര്‍ തീരുമാനമെടുക്കും. കലക്ടര്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കും വരെ തർക്കമുള്ള സ്വത്ത് വഖഫ് ആയി കണക്കാക്കില്ല എന്നും പുതിയ വ്യവസ്ഥയില്‍ പറയുന്നു. അപ്പോൾ സര്‍ക്കാര്‍ അന്തിമതീരുമാനം എടുക്കും വരെ തര്‍ക്കവസ്തുവില്‍ വഖഫ് ബോർഡിന് നിയന്ത്രണമുണ്ടാകില്ല. ഏതെങ്കിലും ഗവൺമെന്റ് വസ്തു വഖഫ് വസ്തുവാണെന്ന് മനസ്സിലായാലും അത് ഇനിമുതൽ ഗവൺമെൻ്റ് പ്രോപ്പർട്ടി തന്നെ ആയിരിക്കും. ഇതുമൂലം കേന്ദ്ര സംസ്ഥാന വഖഫ് ബോർഡുകളെ ദുർബലപ്പെടുത്തി ജില്ലാ കലക്ടർക്ക് മാത്രമായി അധികാരങ്ങൾ നൽകുന്നു. ഇത് ഏകപക്ഷീയമായ ഇടപെടലുകളിലേക്കാണ് നയിക്കുക. സച്ചാർ കമ്മിറ്റി റിപ്പോർട്ട് പ്രകാരം ധാരാളം വഖഫ് ഭൂമികൾ സർക്കാർ സംവിധാനങ്ങൾ കയ്യടക്കി വെച്ചിട്ടുണ്ട്. ഈ നിയമം പ്രാബല്യത്തിൽ വരുന്നതോടുകൂടി ആ ഭൂമികളെല്ലാം സർക്കാറിൻ്റേതായി മാറും.
ഏതെങ്കിലും സ്വത്ത് വഖഫാണോ എന്ന് ബോർഡിന് സംശയം വന്നാൽ അതേക്കുറിച്ച് അന്വേഷിക്കാനും തീരുമാനമെടുക്കാനും ഇപ്പോള്‍ വഖഫ് ബോര്‍ഡുകള്‍ക്ക് കഴിയും. പരാതികള്‍ ഉണ്ടായാല്‍ വഖഫ് ട്രൈബ്യൂണലിനെ സമീപിക്കുകയും ചെയ്യാം. പുതിയ ഭേദഗതി വന്നാല്‍ ഈ അധികാരം ഇല്ലാതാകും. വഖഫ് ട്രൈബ്യൂണലുകളുടെ വിധി അന്തിമമായിരിക്കുമെന്ന വ്യവസ്ഥ എടുത്തു കളഞ്ഞ്, ട്രൈബ്യൂണലുകളുടെ വിധിയ്ക്കെതിരെ 90 ദിവസത്തിനകം കോടതികളിൽ അപ്പീൽ നൽകാമെന്ന് ഈ ഭേഗഗതി വ്യവസ്ഥ ചെയ്യുന്നു. ഇത് പ്രകാരം വഖഫ് ബോർഡുകളുടെയും കൗൺസിലുകളുടെയും അധികാരങ്ങൾ നഷ്ടപ്പെടുകയും അന്യാധീനപ്പെട്ടുപോയ വഖഫ് സ്വത്തുകൾ തിരിച്ചെടുക്കാൻ കഴിയാതെ വരികയും ചെയ്യുന്നു. ഇത് വഖഫ് എന്ന സംവിധാനത്തിൻ്റെ തകർച്ചയിലേക്ക് നയിക്കുന്നു.
വഖഫ് ട്രൈബ്യൂണലുകളുടെ ഘടന മാറ്റിയാണ് പുതിയ ഭേദഗതി കൊണ്ടുവരുന്നത്. മൂന്ന് അംഗങ്ങളില്‍ ഒരാള്‍ ഇസ്‌ലാമിക നിയമങ്ങളില്‍ അറിവുള്ള മുസ്‌ലിം പണ്ഡിതനായിരിക്കണമെന്ന നിലവിലെ വ്യവസ്ഥയും റദ്ദാക്കുന്നു. വഖഫ് ബോർഡുകളുടെയും വഖഫ് കൗൺസിൻ്റെയും അടിസ്ഥാന രൂപം തന്നെ പൊളിച്ചെഴുതുന്നതാണ് പുതിയ ഭേദഗതി. എല്ലാ അംഗങ്ങളും മുസ്‌ലിംകളാവുക എന്ന വ്യവസ്ഥ മാറ്റി രണ്ടുപേരെങ്കിലും അമുസ്‌ലിംകൾ ആകണം എന്ന് കൂട്ടിച്ചേർക്കുന്നു. എം.പിമാരും എം.എൽ.എമാരും ബാർ കൗൺസിൽ അംഗങ്ങളും മുസ്‌ലിംകൾ ആകണമെന്നില്ല എന്ന വ്യവസ്ഥ കൂടി ചേർക്കുന്നു.
മുസ്‌ലിംകൾക്ക് മാത്രമായുള്ള വഖഫ് ബോർഡുകളിൽ അമുസ്‌ലിംകൾ നിർബന്ധമായും ഉണ്ടാകണം എന്ന വ്യവസ്ഥ സർക്കാർ താൽപര്യങ്ങളെ സംരക്ഷിക്കാൻ വേണ്ടിയാണ് എന്ന വാദത്തെ തള്ളിക്കളയാൻ ആകില്ല.
ഭേദഗതിയുടെ രാഷ്ട്രീയ അജണ്ടകൾ
ബി.ജെ.പി സർക്കാർ അധികാരത്തിലേറിയതു മുതൽ നടപ്പിലാക്കാൻ ശ്രമിക്കുന്ന രാഷ്ട്രീയ അജണ്ടയുടെ തുടർച്ചയാണ് ഈ ഭേദഗതി ബില്ലും എന്ന് പറയേണ്ടിയിരിക്കുന്നു. മുത്വലാഖിനും പൗരത്വ ഭേദഗതിക്കും ശേഷം മുസ്‌ലിം വിരുദ്ധതയുടെ പ്രകടരൂപമായി ഭേദഗതി മാറിയിട്ടുണ്ട്. ഏതെങ്കിലും ഒരു വഖഫ് ബോർഡോ മുസ്‌ലിം സംഘടനകളോ മുന്നോട്ട് വെക്കാത്ത ഭേദഗതി സർക്കാർ സ്വതാൽപര്യത്തിൽ നടപ്പിലാക്കാൻ ശ്രമിക്കുന്നത് ഏത് താല്പര്യത്തിന്റ അടിസ്ഥാനത്തിലാണെന്ന് മനസ്സിലാക്കാൻ സാധിക്കും. യാതൊരുവിധ ചർച്ചകൾക്കും അവസരമില്ലാത്ത വിധത്തിൽ പാർലമെന്റിൽ അവതരിപ്പിച്ചതും ഇതിന്റെ ഭാഗമായാണ്.
സ്ത്രീ പ്രാതിനിധ്യം ഉറപ്പാക്കാൻ വേണ്ടിയാണ് ഈ ഭേദഗതി എന്നാണ് സർക്കാർ വിശദീകരിക്കുന്നത്. എന്നാൽ 2013 ലെ ഭേദഗതിയിലൂടെ തന്നെ ഇത് ഉൾപ്പെടുത്തിയതാണ്. മാത്രമല്ല, തമിഴ്നാട്, പഞ്ചാബ്, ജമ്മു കാശ്മീർ എന്നീ സംസ്ഥാനങ്ങളിൽ അധ്യക്ഷന്മാരായി സ്ത്രീകൾ വന്നിട്ടുമുണ്ട്. ആയതിനാൽ തന്നെ സർക്കാർ വാദം ബാലിശമാണ്. അഞ്ച് വർഷമെങ്കിലും ഇസ്‌ലാം മതം അനുഷ്ഠിക്കുന്ന ഒരാൾക്ക് മാത്രമേ വഖഫ് ചെയ്യാൻ കഴിയൂ എന്ന വ്യവസ്ഥ നമ്മുടെ രാജ്യത്തിൻ്റെ മതേതര, ലിബറൽ പാരമ്പര്യങ്ങൾക്ക് എതിരാണ്. രാജ്യത്തെ ഏതൊരു പൗരനും ഏതെങ്കിലും വ്യക്തിക്ക് സംഭാവന നൽകാൻ, പ്രത്യേകിച്ച് മതപരമായ പ്രവർത്തനങ്ങളെ അല്ലെങ്കിൽ, ഏതെങ്കിലും വിശ്വാസ സ്ഥാപനത്തെ പിന്തുണയ്ക്കാൻ അനുവാദവും അവസരവുമുണ്ട്. ഒരു മതത്തിന്റെ അനുയായികൾ മറ്റ് മതങ്ങളുടെ മതസ്ഥാപനങ്ങൾക്ക് ഉദാരമായി സംഭാവന നൽകിയതിന് ചരിത്രത്തിൽ എണ്ണമറ്റ ഉദാഹരണങ്ങളുണ്ട്. ഒരു വ്യക്തി തൻ്റെ വിശ്വാസത്തിൻ്റെ പരിധിയിൽപ്പെടുന്ന മതസ്ഥാപനങ്ങൾക്ക് മാത്രമേ സംഭാവന നൽകാവൂ എന്ന് എന്തിന് നിർബന്ധം പിടിക്കണം?
ഒരു ജില്ലാ ജഡ്ജി, അല്ലെങ്കിൽ അനുബന്ധ നിയമയോഗ്യതയുള്ള വ്യക്തിയാണ് വഖഫ് ട്രൈബ്യൂണൽ തലവനായി ഉണ്ടാകുക. ആ നിയമസാധ്യതകളെ കളങ്കപ്പെടുത്തി കേവലം സർക്കാർ സംവിധാനമായ കളക്ടറുടെ മേൽ മാത്രം അധികാരങ്ങൾ കൊണ്ടെത്തിക്കുന്നത് സർക്കാർ അജണ്ടകൾ നടപ്പിൽ വരുത്താനുള്ള ഭേദഗതി മാത്രമാണ് എന്ന വാദത്തിന് പ്രസക്തിയുണ്ട്. മുസ്‌ലിംകൾ മാത്രം കൈകാര്യം ചെയ്യുന്ന ബോർഡിൽ നിർബന്ധമായും അമുസ്‌ലിംകൾ ഉണ്ടായിരിക്കണം എന്ന വ്യവസ്ഥ എന്ത് യുക്തിയുടെ അടിസ്ഥാനത്തിലാണ് ഉൾക്കൊള്ളിക്കുന്നത്? ദേവസ്വം ബോർഡിൽ അഹിന്ദുക്കൾ ഉണ്ടായിരിക്കണം എന്ന് വ്യവസ്ഥ ചെയ്യുന്നതുപോലെ യുക്തിക്ക് നിരക്കാത്ത നിയമമാണിത്. കേവലം ബി.ജെ.പി പ്രതിനിധികളെ ഈ ബോർഡുകളിൽ ഉൾക്കൊള്ളിച്ചുകൊണ്ട് അവരുടെ അജണ്ടകൾക്ക് വേണ്ടി പ്രവർത്തിക്കുന്ന സംവിധാനമായി ബോർഡുകൾ മാറ്റാനുള്ള ശ്രമത്തിന്റെ ഭാഗമാണ് ഈ നിയമം.
സർക്കാർ നിർദ്ദേശിച്ച 44 ഭേദഗതികളിലൂടെ കടന്നു പോകുമ്പോൾ അന്യാധീനപ്പെട്ടുപോയ വഖ്ഫ് സ്വത്തുകൾ തിരിച്ചെടുക്കാനുള്ള ഭേദഗതിയോ നിലവിലുള്ളവയെ സംരക്ഷിക്കാനുള്ള ഭേദഗതിയോ കാണാൻ കഴിയുന്നില്ല. മറിച്ച് വ്യത്യസ്ത മതവിഭാഗങ്ങൾ സാഹോദര്യത്തോടെയും സഹകരണത്തോടെയും ജീവിക്കുന്ന ഇന്ത്യയുടെ പാരമ്പര്യം കളങ്കപ്പെടുത്തുന്ന രീതിയിൽ ബില്ലുകൾ രൂപീകരിച്ച്, മുസ്‌ലിംകളെ രണ്ടാംകിട പൗരന്മാരായി കണ്ട്, അവരുടെ സ്വത്തുകൾ സർക്കാർ സ്വത്തുകളായി കണ്ടുകെട്ടുന്നതിന് വേണ്ടിയിട്ടുള്ള സർക്കാർ കുതന്ത്രമായിട്ടാണ് ഈ ബില്ലിനെ നമുക്ക് കാണാൻ സാധിക്കുക. ഇത് നടപ്പിൽ വരുത്തുന്ന സർക്കാറുകൾക്ക് എന്തിനാണിത് നടപ്പിലാക്കുന്നത് എന്നതിന് കൃത്യമായ മറുപടി പോലും പറയാനില്ല. നിലവിൽ ഈ ഭേദഗതി ജോയിൻ പാർലമെൻ്ററി കമ്മിറ്റിയുടെ ചർച്ചക്ക് വെച്ചിരിക്കുകയാണ്. അവിടെ നിന്നും രാജ്യത്തിന് അനുഗുണമായ നല്ല തീരുമാനങ്ങൾ ഉണ്ടാകട്ടെ എന്ന് നമുക്ക് പ്രത്യാശിക്കാം.
